ashtami

വൈക്കം : അഷ്ടമി കൊടിയേറ്റിന് മുന്നോടിയായി സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന കുലവാഴപുറപ്പാട് ഭക്തിനിർഭരമായി. ഇന്നലെ വൈകിട്ട് 4ന് ചാലപ്പറമ്പ്, കാർത്ത്യാകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നാണ് കുലവാഴപുറപ്പാട് ആരംഭിച്ചത്. 1878-ാം നമ്പർ കിഴക്കുംചേരി വടക്കേമുറി എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലും, 1573-ാം നമ്പർ കിഴക്കുംചേരി നടുവിലെമുറി, 1603-ാം നമ്പർ കിഴക്കുചേരി തെക്കേമുറി, 1820-ാം നമ്പർ പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1634-ാം നമ്പർ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേമുറി, 1880-ാം നമ്പർ പടിഞ്ഞാറ്റുംചേരി വടക്കേമുറി കരയോഗങ്ങളുടെയും വൈക്കം താലൂക്ക് യൂണിയന്റെയും സഹകരണത്തോടെയായിരുന്നു ചടങ്ങുകൾ. താലപ്പൊലി, പഞ്ചവാദ്യം, ചെണ്ടമേളം, വേലകളീ, ഗജവീരൻ എന്നിവയുടെ അകമ്പടിയോടുകൂടി കുലവാഴപുറപ്പാട് കിഴക്കേനട, തെക്കേനട, പടിഞ്ഞാറേനട, വടക്കേനട ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ചു. ദേവസ്വം അധികാരികൾ വടക്കേ ഗോപുരനടയിൽ ആചാരപൂർവ്വം സ്വീകരിച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. ദീപാരാധനയ്ക്ക് ശേഷം താലപ്പൊലി, കുലവാഴകൾ, കരിക്കിൻകുലകൾ എന്നിവ ക്ഷേത്രനടയിൽ സമർപ്പിച്ചു. അഷ്ടമി മഹോത്സവത്തിനായി ക്ഷേത്രസങ്കേതം അലങ്കരിക്കുന്നതിനുള്ളതാണ് കുലവാഴകളും കരിക്കിൻ കുലകളും മറ്റ് അലങ്കാരവസ്തുക്കളും. ഒന്നും രണ്ടും ഉത്സവ ദിവസങ്ങളിലെ അഹസ്സ് സംയുക്ത എൻ.എസ്.എസ് കരയോഗങ്ങളുടേതാണ്.