കോട്ടയം: കനത്തമഴയിൽ മിന്നൽപ്പിണർ പോലെ പാഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ളബിന്റെ നടുഭാഗം ചുണ്ടൻ തുടർച്ചയായി മൂന്നാം തവണയും താഴത്തങ്ങാടിയിൽ ജലരാജാവായി. തെക്കേച്ചിറയിൽ ജെയിംസ് കുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ തുഴഞ്ഞ നടുഭാഗം കൈനകരി യു.ബി.സി ക്ളബിന്റെ തങ്കച്ചൻ മുട്ടേൽ ക്യാപ്ടനായ കാരിച്ചാൽ ചുണ്ടനെയാണ് തോൽപ്പിച്ചത്. കുമരകം എൻ.സി.ഡി.സി. ക്ലബിന്റെ ചമ്പക്കുളം മൂന്നാം സ്ഥാനവും കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ജവഹർ തായങ്കരി നാലാം സ്ഥാനവും കരസ്ഥമാക്കി. 2016 മുതലുള്ള നടുഭാഗത്തിന്റെ ജൈത്രയാത്ര ഇക്കുറിയും തുടരുകയായിരുന്നു. 2016ൽ തിരുവല്ല കാൽവരി ക്ലബിന് വേണ്ടിയും രണ്ട് വർഷങ്ങളിലായി പള്ളാത്തുരുത്തിയ്ക്കു വേണ്ടിയുമാണ് നടുഭാഗം കിരീടം അണിഞ്ഞത്. ഉച്ചകഴിഞ്ഞ് പെയ്ത മഴയിലും ആവേശം ചോരാതെ ഇരുകരകളിലും തടിച്ചുകൂടിയ വള്ളംകളി പ്രേമികളുടെ ആർപ്പുവിളികളുടെ അകമ്പടിയിലായിരുന്നു നടുഭാഗത്തിന്റെ കുതിപ്പ്. നാലു ചുണ്ടനും 15 ചെറുകളിവള്ളങ്ങളും തുഴയെറിഞ്ഞു.പ്രളയം മൂലം ഇത്തവണ വള്ളകളിയിൽ മാസ്ഡ്രില്ലും ജലഘോഷയാത്രയും ഒഴിവാക്കിയിരുന്നു. ഇരുട്ടുകുത്തിയിൽ കുമരകം ഇരുട്ടുകുത്തി ബി ഗ്രേഡിൽ കുമരകം വിരിപ്പുകാലാ ബോട്ട് ക്ലബിന്റെ ബാബു ഉഷസ് ക്യാപ്ടനായ ദാനിയേലിനാണ് കിരീടം. കുമ്മനം ബോട്ട് ക്ലബിന്റെ സെന്റ് ജോസഫ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. വെപ്പ് ബി ഗ്രേഡിൽ മെൽവിൽ ജേക്കബ് കോട്ടപ്പറമ്പിൽ ക്യാപ്ടനായ പരിപ്പ് ബോട്ട് ക്ലബിന്റെ പി.ജി. കരീപ്പുഴ ചെങ്ങളം ഫ്രണ്ട്‌സ് ബോട്ട് ക്ലബിന്റെ പുന്നത്തുറപുരയ്ക്കലിനെ കീഴടക്കി. ചുരുളൻ എ ഗ്രേഡിൽ കുമരകം സെൻട്രൽ ബോട്ട്ക്ളബിന്റെ മൂഴി, കുമരകം കവണാർ കെ.വി.ബി.സിയുടെ കോടിമതയെ പരാജയപ്പെടുത്തി. ഇരട്ടുകുത്തി എ ഗ്രേഡിൽ തിരുവാർപ്പ് തിരുവാർപ്പ് ബോട്ട്ക്ലബിന്റെ മാധവ് മാധവത്തിൽ ക്യാപ്ടനായ മൂന്നുതൈക്കൽ, കൊച്ചി ടി.ബി.സിയുടെ തുരുത്തിത്തറയെ പരാജയപ്പെടുത്തി. വെപ്പ് എ ഗ്രേഡിൽ കുമരകം സമുദ്രാ ബോട്ട് ക്ലബിന്റെ, കെ.എം. ജബ്ബാർ ക്യാപ്ടനായ ഷോട്ട് പുളിക്കത്തറ അമ്പലക്കടവനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി. കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിച്ചത്. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. വള്ളംകളിക്ക് 5 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ജോസ് കെ. മാണി എം.പി. അദ്ധ്യക്ഷത വഹിച്ചു.