വൈക്കം: പഞ്ചാക്ഷരിയുടെ നിറവിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹാത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 7.49ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളിയാണ് കൊടിയേറ്റ് നിർവഹിച്ചത്. തന്ത്രിമാരായ കിഴക്കിനിയേടത്ത് നാരായണൻ നമ്പൂതിരി, ചെറിയ നാരായണൻ നമ്പൂതിരി, മാധവൻ നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു. കൊടിയേറ്റിയത് ഭദ്രകാളി മറ്റപ്പള്ളി ഇല്ലഞ്ഞ തന്ത്രി ആയതിനാൽ ആചാരമനുസരിച്ച് ധ്വജത്തിന്റെ ഉത്തര ദിക്കിലാണ് കൊടി ഉയർന്നത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും സ്വർണ്ണക്കുടകളും ആലവട്ടവും വെൺചാമരങ്ങളും സായുധ പൊലീസും മഹാദേവരുടെ കൊടിയേറ്റിന് അകമ്പടിയായി. കൊടിയേറ്റിനെ തുടർന്ന് കൊടിമരച്ചുവട്ടിലെ അഷ്ടമിവിളക്കിൽ ദേവസ്വം കമ്മീഷണർ എൻ.വാസുവും കലാമണ്ഡപത്തിൽ വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷും ദീപം തെളിച്ചു. 30നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി.