malinya-shekaranam

തലയോലപ്പറമ്പ്: പുഴകളിൽ നിന്നും ടൺ കണക്കിന് മാലിന്യം ശേഖരിച്ച് ഏ​റ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെന്റർ വനിതാ കൂട്ടായ്മ. നൂറിലധികം ചെറുവള്ളങ്ങളിലായി ഇരുനൂ​റ്റിയമ്പതിൽപരം വനിതകളാണ് ജലാശയങ്ങൾ മാലിന്യവിമുക്തമാക്കാൻ രംഗത്തിറങ്ങിയത്. കെ.വി. കനാൽ, കരിയാർ, എഴുമാങ്കായൽ, ചുള്ളിത്തോട്, കാന്താരിക്കടവ്, ആപ്പുഴത്തോട്, മൂവാ​റ്റുപുഴ ആറിന്റെ കൈവഴികൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രളയത്തിൽ ഒഴുകിയെത്തിയ പ്ലാസ്​റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചത്. മുണ്ടാറിൽ നടന്ന മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ മാരായ മോൻസ് ജോസഫ്, സി.കെ. ആശ എന്നിവർ ചേർന്ന് നിർവഹിച്ചു. അർച്ചന വിമൻസ് സെന്റർ മാനേജിംഗ് ഡയറക്ടർ ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി.മോഹനൻ, പി.വി.സുനിൽ, സൗമ്യ അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.ഉത്തൻ, സുജാത ഷാജി, പി.ജി.തൃഗുണസെൻ, പോൾസെൻ കൊട്ടാരത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് വിവിധ കമ്പനികൾക്ക് നൽകും.