കോട്ടയം: മദ്യലഹരിയിൽ എ.എസ്.ഐയെ പിടിച്ചുതള്ളിയ യുവാവ് അറസ്റ്റിൽ. നിരവധിക്കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശിയും കാരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന ഷംനാസ് (34)നെയാണ് വെസ്റ്റ് എസ്.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇയാൾ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഓട്ടോഡ്രൈവർമാരും ഷംനാസും തമ്മിൽ വാക്കുതർക്കമുണ്ടായി. സംഭവമറിഞ്ഞ് കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസ് സംഘവുമെത്തി. ഇതിനിടെ സ്ഥലത്തെത്തിയ എ.എസ്.ഐയെ ഷംനാസ് പിടിച്ചുതള്ളി. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.