രാമപുരം- കൊണ്ടാട്-കൂഴമല-ഉഴവൂർ റോഡ് തകർന്നു
പാലാ :സൂക്ഷിക്കണേ...! എങ്കിൽ ദു:ഖിക്കേണ്ട. രാമപുരം കൊണ്ടാട് - കൂഴമല വഴിയെത്തുന്ന യാത്രക്കാരോട് നാട്ടുകാർക്ക് അത്രമേ പറയാനുള്ളൂ. റോഡ് തകർന്നു,പോരാഞ്ഞ് നെല്ലിക്കോട്ടിൽ ഭാഗത്തെ കലുങ്കിൽ അപകടം വാ പിളർക്കുന്നു. കാര്യം വ്യക്തമായല്ലോ!. രാമപുരം- കൊണ്ടാട്-കൂഴമല-ഉഴവൂർ റോഡിനും കലുങ്കിനും മൂന്നര പതിറ്റാണ്ട് പഴക്കമുണ്ട്. ഇനി തകരാൻ ബാക്കിയൊന്നുമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. കലുങ്ക് നിലംപൊത്തിയാൽ വലിയ അപകടം കാണേണ്ടിവരും. കമ്പികൾ ദ്രവിച്ചു. അടിത്തട്ടിലെ കല്ലുകൾ ഇളകി. അപകടം വരാൻ പിന്നെന്തുവേണമെന്നായി ചോദ്യം.
അത് ഒന്നുമായില്ല
ഒന്ന് ടാർ ചെയ്തു. അതാകട്ടെ 1983 ൽ. പിന്നെ കെ.എം. മാണി എം.എൽ.എ ഇടപെട്ടപ്പോൾ പി.ഡബ്ലി.യു.ഡിയുടെ വക അല്ലറചില്ലറ അറ്റകുറ്റപ്പണികൾ. പക്ഷേ ഇതുകൊണ്ടായില്ല. പി.ഡബ്ലി.യു.ഡി കടുത്തുരുത്തി സെക്ഷൻ അധികൃതർ റീ-ടാറിംഗിനായി 26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു. പിന്നെ നടപടികൾ ഒരിഞ്ച് മുന്നോട്ടുപോയില്ല. ഇനി മന്ത്രിക്കൊരു നിവേദനം. അല്ലാതെ രക്ഷയില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.