കോട്ടയം: ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ കാര്യത്തിൽ കോട്ടയം നഗരസഭയെ ആർക്കും തോല്പിക്കാനാവില്ല. പക്ഷെ പ്രഖ്യാപനങ്ങൾക്കപ്പുറത്തേക്ക് വല്ലതും നടക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ കൗൺസിലർമാർ പോലും കൈമലർത്തും. 211.56 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ ബഡ്‌ജറ്റിൽ നഗരസഭ പ്രഖ്യാപിച്ചത്. ഇതിൽ വിശപ്പുരഹിത പദ്ധതി, മാലിന്യസംസ്‌കരണം, ആധുനിക ബസ് ടെർമിനലുകൾ, ബസ്‌സ്റ്റാൻഡുകളിൽ വാട്ടർ കിയോസ്‌ക്കുകൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ബഡ്‌സ് സ്‌കൂൾ ,സി.സി.ടി.വി കാമറകൾ, പള്ളം വിളക്കുമരം തുടങ്ങിയ പദ്ധതികളൊക്കെ കടലാസിൽ തന്നെയാണ്.

നാട്ടകം സോണൽ ഓഫീസിന് മുമ്പിൽ വർഷങ്ങളായി തുരുമ്പടിച്ച് കിടക്കുന്ന കൊയ്‌ത്ത് മെതിയന്ത്രം നന്നാക്കി സബ്‌സിഡി നിരക്കിൽ കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കായി വിതരണം ചെയ്യുമെന്ന് പറഞ്ഞതും പാഴ് വാക്കായി. നഗരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനുമായി പ്രത്യേക ആപ്ലിക്കേഷനും ടോൾ ഫ്രീ നമ്പറും ആരംഭിക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. വടവാതൂർ മാലിന്യപ്രശ്നത്തിനും ഇതുവരെ പരിഹാരം കാണാനായിട്ടില്ല. തിരുവാതുക്കൽ എ.പി.ജെ അബ്ദുൾ കലാം മെമ്മോറിയൽ ടൗൺ ഹാളിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

 അവഗണനയിൽ ബസ്‌ സ്റ്റാൻഡുകൾ

സുരക്ഷിത ബസ് കാത്തിരിപ്പ് കേന്ദ്രമില്ല

50 ലക്ഷത്തിന്റെ സി.സി.ടി.വി കാമറ എവിടെ

'' പാഴായി പോകുന്ന പദ്ധതികളുടെ ആകെ തുകയാണ് നഗരസഭയുടെ കഴിഞ്ഞ ബഡ്‌ജറ്റ്. പ്രഖ്യാപനത്തിന് അപ്പുറം ഒരു പദ്ധതികളും കാര്യക്ഷമമായി നടക്കുന്നില്ല.

അഡ്വ.ഷീജാ അനിൽ (നഗരസഭ കൗൺസിലർ)

'' പദ്ധതി നടപ്പിലാക്കാൻ മൂന്ന് മാസം കൂടി സമയമുണ്ട്. വനിതാവിശ്രമകേന്ദ്രം നവീകരണം നടന്നു കൊണ്ടിരിക്കുന്നു. തിരുനക്കരമൈതാനം നവീകരണം പൂർത്തിയാക്കി. ബാക്കിയുള്ള പദ്ധതികളുടെ ടെൻഡർ നടക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും.

ഡോ.പി.ആർ സോന (നഗരസഭ ചെയർപേഴ്‌സൺ)