darsa

എരുമേലി: മുംബയിൽ നിന്നെത്തിയ 110 അയ്യപ്പഭക്തർ സംഘർഷാന്തരീക്ഷവും പൊലീസ് നിയന്ത്രണങ്ങളും കാരണം ശബരിമല ദർശനം ഉപേക്ഷിച്ച് എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ എത്തി മടങ്ങി. നെയ് തേങ്ങ ആര്യങ്കാവ് ക്ഷേത്രത്തിൽ അഭിഷേകം ചെയ്തശേഷം തിരിച്ചുപോകും.

സന്നിധാനത്ത് 6 മണിക്കൂറിൽ കൂടുതൽ തങ്ങാൻ അനുവദിക്കില്ലെന്ന ഉപാധിയാണ് അവരെ വലച്ചത്. 110പേരുടെ നെയ് തേങ്ങ അഭിഷേകം നടത്തണം. കൂടെയുള്ളവരിൽ 85 വരെ പ്രായമുള്ളവരും കൊച്ചു മാളികപ്പുറങ്ങളുമുണ്ട്. ആറു മണിക്കൂർ മതിയാവില്ല. പൊലീസ് നടപടിക്ക് ഇരയാകുമോ എന്നു ഭയന്നാണ് പിൻമാറുന്നതെന്ന് ഗുരുസ്വാമി പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2ന് എരുമേലിയിലെത്തിയ സംഘം ശ്രീധർമ്മ ശാസ്താ ക്ഷേത്ര ദർശനത്തിന് ശേഷം ആര്യങ്കാവ് ക്ഷേത്രത്തിലേക്ക് തിരിച്ചു. . 18ാം വർഷം ദർശനത്തിനെത്തിയ സംഘത്തിലെ ചിലർ ശബരിമലയിൽ നടാൻ തൈത്തെങ്ങുമായാണ് എത്തിയത്.

അതു ചെയ്യാൻ കഴിയാത്ത സങ്കടത്തോടെയാണ് മടക്കം.