കോട്ടയം: രാജ്യത്ത് ആദ്യമായി ഒരു സർവകലാശാല നിർമിച്ച മുഴുനീള സിനിമയെന്ന റെക്കാഡോടെ എം.ജി യുടെ 'സമക്ഷം'.നാളെ തിയേറ്ററുകളിലേക്ക്. ജൈവ കൃഷിക്കൊപ്പം ഗാന്ധിയൻ ശുചിതസന്ദേശ പ്രചാരണവുമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നത്.
ആറ് നഗരസഭകളിലും പിണറായി, ചിങ്ങോലി , മൂന്നാർ, റാന്നി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും കോട്ടയത്തെ 71 പഞ്ചായത്തുകളിലും ഒരു വർഷത്തിനുള്ളിൽ നടപ്പാക്കിയ ജൈവം പദ്ധതിയുടെ ഭാഗമാണ് സിനിമ. ഒന്നരക്കോടിയിലേറെയാണ് ചെലവ്. 158 മിനിറ്റ് നീളുന്ന സിനിമ പത്തു കേന്ദ്രങ്ങളിലാണ് പ്രദർശിപ്പിക്കുന്നത്. സ്വകാര്യ തിയേറ്ററുകൾ കിട്ടാത്തതിനാൽ ഏറെയും സർക്കാർ തിയേറ്ററുകളിലാണ് പ്രദർശനം . എം.ജി. യൂണിവേഴ്‌സിറ്റി ക്രിയേഷൻസിന്റെ ബാനറിൽ രജിസ്ട്രാർ എം.ആർ. ഉണ്ണി നിർമ്മിച്ച സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സർവകലാശാല അദ്ധ്യാപകരായ ഡോ. അജു കെ. നാരായണനും അൻവർ അബ്ദുള്ളയുമാണ്.
കൈലാഷ് (നീലത്താമര ഫെയിം) നായകനും ഗായത്രി കൃഷ്ണ നായികയുമാണ്. എം.ജി സ്കൂൾ ഒഫ് ലെറ്റേഴ്സ് അദ്ധ്യാപകനും നടനും സംംവിധായകനുമായ പി.ബാലചന്ദ്രൻ ,സ്കൂൾ ഒഫ് ലെറ്റേഴ്സ് വിദ്യാർത്ഥിയും നടനും സംവിധായകനുമാായ സിദ്ധാർത്ഥ് ശിവ, പ്രേംപ്രകാശ്, , സോഹൻ സീനുലാൽ, ദിലീഷ് പോത്തൻ, ദിനേഷ് പ്രഭാകർ, , അക്ഷര കിഷോർ, അനശ്വര രാജൻ , ശ്രീജ ഡാവിഞ്ചി, അനിൽ നെടുമങ്ങാട് എന്നിവരാണ് മറ്റു അഭിനേതാക്കൾ. കവിത: വൈലോപ്പിള്ളി ശ്രീധരമേനോൻ , ഗാനരചന: സുധാംശു, സംഗീതം: എബി സാൽവിൻ തോമസ്.ഗായകർ - ഉദയ് രാമചന്ദ്രൻ , വിഷ്ണുപ്രസാദ്.കാമറ .ബിനു കുര്യൻ എഡിറ്റിംഗ് . കിരൺ ദാസ്
ആദ്യസിനിമ തിയേറ്റർ കാണും മുമ്പ്തന്നെ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് ലഹരിമുക്ത ഭാരതമെന്ന ആശയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാമെത്ത ചിത്രമായ 'ട്രിപ്പ്' ചിത്രീകരണം തുടങ്ങി.അൻവർ അബ്ദുള്ളയും എം.ആർ. ഉണ്ണിയുമാണ് രചനയും സംവിധാനവും .താനൂർ, കണ്ണൂർ, പയ്യോളി, ചെറായി, കോട്ടയം എന്നിവിടങ്ങളിലാണ് ചിത്രീകരണം. .
എം.ജി സർവകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കോടികൾ മുടക്കി സിനിമ നിർമിക്കുന്നതിനെതിരെ ചില കേന്ദ്രങ്ങൾ വിമർശനം ഉയർത്തുമ്പോൾ സർവകലാശാല ഫണ്ടിൽ നിന്നല്ല ജൈവം പദ്ധതിക്കായുള്ള പ്രത്യേക സർക്കാർ ഫണ്ടിലാണ് സിനിമകളെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം .