വൈക്കം: അഷ്ടമിയുടെ ആർഭാടപൂർണമായ എഴുന്നള്ളിപ്പുകൾക്ക് ഇന്ന് തുടക്കമായി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരി, മേൽശാന്തിമാരായ ടി.ഡി നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പന്തീരടി പൂജയ്ക്ക് ശേഷം കിഴക്കേടത്ത് ഇല്ലത്ത് വിഷ്ണു മൂസത് മഹാദേവരുടെ തിടമ്പ് ശ്രീബലിക്കായി പുറത്തേക്ക് എഴുന്നള്ളിച്ചു. പാമ്പാടി രാജൻ തിടമ്പേറ്റി. തിരുനക്കര ശിവനും കുളമാക്കിൽ പാർത്ഥസാരഥിയും അകമ്പടിയായി. ശ്രീബലി ക്ഷേത്രത്തിന് ഒരു വലംവച്ച് കിഴക്കേ ആനപ്പന്തലിൽ എത്തിയതോടെ കൊട്ടിപ്പാടി സേവ തുടങ്ങി. ടി.വി പുരം അനിരുദ്ധനും വൈക്കം സുമോദു കലാപീഠം വിദ്യാർത്ഥികളും ചേർന്ന് വാദ്യമേളമൊരുക്കി.