കോട്ടയം: അമ്മായിയമ്മ വക ഒരടി അഡ്വാൻസായി കിട്ടിയെങ്കിലെന്താ, ഫേസ് ബുക്ക് കാമുകനൊപ്പം ഇറങ്ങിത്തിരിച്ച യുവതിക്ക് നാടകീയ രംഗങ്ങൾക്കൊടുവിൽ കോടതി വഴി സ്വപ്നസാഫല്യം. അയ്‌മനം സ്വദേശിയായ യുവാവും കൊട്ടാരക്കര സ്വദേശിയായ യുവതിയുമാണ് ഇക്കഥയിലെ നായികാനായകൻമാർ.
വിദേശത്ത് ജോലി ചെയ്യുന്ന യുവാവ് രണ്ടു വർഷത്തോളമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു. പിതാവിന് അസുഖമായതിനാൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ യുവാവ് കാമുകിയെ ആദ്യമായി നേരിൽ കാണാൻ ചൊവ്വാഴ്‌ച ഉച്ചയോടെ കൊട്ടാരക്കരയിലെത്തി. തുടർന്ന് യുവതിയെയും കൂട്ടി അയ്മനത്തെ സ്വന്തം വീട്ടിലേക്കു പോന്നു.
യുവതിയെ ഒപ്പം കണ്ട് അന്ധാളിച്ച യുവാവിന്റെ വീട്ടുകാർ ബഹളമായി. രാത്രി തന്നെ വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് യുവതിയുടെ ബന്ധുക്കളെ ബന്ധപ്പെട്ടപ്പോൾ, തങ്ങളുടെ സമ്മതത്തോടെയാണ് പോന്നതെന്നായിരുന്നു മറുപടി. ഇതോടെ ഇന്നലെ രാവിലെ ഇരുവരുടേയും ബന്ധുക്കളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. ചർച്ചകൾക്കൊടുവിൽ പള്ളിപ്പുറത്ത്കാവ് ക്ഷേത്രത്തിൽ വിവാഹം നടത്താൻ ധാരണയായി.
ക്ഷേത്രമുറ്റത്ത് വച്ച് ആദ്യമായി യുവതിയെ കണ്ട അമ്മായിയമ്മ ക്ഷുഭിതയായി. കൊടുത്തു ഒരടി. യുവതി കറങ്ങി താഴെ. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചു കൂടിയതോടെ സംഘർഷാവസ്ഥയായി. പൊലീസെത്തി ഇരുകൂട്ടരെയും വെസ്റ്റ് സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി . പിതാവിന് അസുഖമായതിനാൽ രണ്ടു വർഷം കഴിഞ്ഞ് മതി വിവാഹം എന്ന നിലപാടിൽ യുവാവിന്റെ ബന്ധുക്കൾ ഉറച്ചു നിന്നു.
ഒത്തുതീർപ്പില്ലാതെ വന്നതോടെ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളിൽ നിന്ന് പൊലീസ് പരാതി എഴുതി വാങ്ങി. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. യുവതിയുടെ താൽപര്യപ്രകാരം കോടതി യുവാവിനൊപ്പം വിടുകയും ചെയ്തു.
ക്ളൈമാക്സ് ഇങ്ങനെയാവട്ടെ:
ശേഷം യുവാവിന്റെ പിതാവിന്റെ അസുഖം വളരെ വേഗം ഭേദമായി. യുവാവ് ഗൾഫിലേയ്ക്ക് മടങ്ങി. അഡ്വാൻസായി കിട്ടിയ അടി ക്ഷമിച്ച് യുവതി അമ്മായിയമ്മയുമൊത്ത് നല്ലൊരു ഗൾഫുകാരന്റെ ഭാര്യയായി ശിഷ്ടകാലം സുഖമായി വാണു.