രണ്ടുപേർക്കുള്ള തെരച്ചിൽ ശക്തമാക്കി

ചങ്ങനാശേരി : ഇതരസംസ്ഥാന തൊഴിലാളികളുടെ ഷെൽറ്ററിൽ കവർച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേർ പിടിയിൽ. പായിപ്പാട് പള്ളിക്കച്ചിറ പ്ലാമൂട്ടിൽ വീട്ടിൽ അമൽ എന്ന് വിളിക്കുന്ന അൽ അമീൻ (25), നാലുകോടി ആറാട്ടുകുളങ്ങര വീട്ടിൽ മരപ്പട്ടി എന്നറിയപ്പെടുന്ന റ്റിബിൻ ഫിലിപ്പ് (25), കുന്നന്താനം മാമല പാറയിൽ വീട്ടിൽ ഒബ്രിയാൻ എന്നുവിളിക്കുന്ന അഖിൽ (23) എന്നിവരാണ് അറസ്റ്റിലായത്. കൊലക്കേസ് പ്രതിയടക്കം രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വെള്ളാപ്പള്ളിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ക്യാമ്പിൽ അർദ്ധരാത്രിയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി 50,000രൂപയും 10 മൊബൈൽ ഫോണുകളും കവരുകയായിരുന്നു.

സി.സി.ടി.വി കാമറയിൽ മുഖം മൂടിധാരികളെന്നു തോന്നുന്നവർ രണ്ട് ബൈക്കുകളിൽ തിരുവല്ല റോഡിൽ പായിപ്പാട് മാർക്കറ്റിൽ നിന്നു ഇടവഴിയിലേക്ക് തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കവർച്ച നടന്ന ദിവസം അൽഅമീന്റെ ഫോൺലൊക്കേഷൻ സംഭവ സ്ഥലത്താണെന്ന് പൊലീസ് മനസിലാക്കി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പ്രതികളിൽ നിന്ന് 22,000രൂപയും, മൂന്ന് മൊബൈൽ ഫോണും വാച്ചുകളും കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കുകളും കണ്ടെടുത്തു. അൽ അമീന്റെ പായിപ്പാടുള്ള വീട്ടിൽവച്ചാണ് കവർച്ചക്ക് പദ്ധതിയിട്ടത്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം എസ്.ഐ റിച്ചാർഡ് വർഗീസ്, ആന്റി ഗുണ്ടാ സ്‌ക്വാഡിലെ കെ.കെ.റെജി, പ്രതീപ് ലാൽ, ബിജു പി.എം, അശോകൻ, രജനീഷ്, ടെന്നി ചെറിയാൻ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.