കോട്ടയം: മാസങ്ങളായി നിറുത്തിവെച്ചിരുന്ന കുറിച്ചി കാലായിപ്പടി മേൽപ്പാലം നിർമാണം പുന:രാരംഭിച്ചു. നിർമ്മാണം നിലച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചതോടെയാണ് റെയിൽവേ അധികൃതർ ഇടപെട്ട് തുടർനടപടികൾ ഊർജ്ജിതമാക്കിയത്. കുറിച്ചി നിവാസികളുടെ ദുരിതം ചൂണ്ടികാട്ടി കേരളകൗമുദി നവംബർ 5ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മേൽപ്പാല നിർമ്മാണം വൈകിയ സാഹചര്യത്തിൽ ജോലിയിൽ നിന്നും നീക്കുമെന്ന് കാട്ടി റെയിൽവേ അധികൃതർ കരാറുകാരന് കത്തുനൽകി. എന്നാൽ തെലുങ്കാന സ്വദേശിയായ കരാറുകാരൻ കൂടുതൽ ജോലിക്കാരുമായി സ്ഥലത്തെത്തി നിർമാണ ജോലികൾ പുനഃരാരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ജോലികൾ വീണ്ടും ആരംഭിച്ചത്. രണ്ടുമാസത്തിനകം ജോലി പൂർത്തിയാക്കണമെന്നാണ് കരാറുകാരന് റെയിൽവേ നൽകിയിരിക്കുന്ന നിർദേശം.
നിർമ്മാണം നീണ്ടു, ദുരിതവും
കഴിഞ്ഞ മാർച്ചിലാണ് കാലായിൽപ്പടിയിലുള്ള മേൽപ്പാല നിർമ്മാണത്തിന് തുടക്കം കുറിച്ചത്.
പാലം പൊളിച്ചതോടെ കുറിച്ചി പഞ്ചായത്തിലെ കിഴക്ക് പടിഞ്ഞാറ് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം മുറിഞ്ഞു. കുറിച്ചി പഞ്ചായത്ത്, ആയുർവേദ ആശുപത്രി,ഹോമിയോ ആശുപത്രി, വില്ലേജ് ഓഫീസ്,പോസ്റ്റ് ഓഫീസ്, കൃഷി ഭവൻ, സെമിനാരി സ്കൂൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചേരാനാകാതെ ആളുകൾ നെട്ടോട്ടമോടുകയായിരരുന്നു. കേന്ദ്ര റെയിൽവേ മന്ത്രിക്ക് 2000 പേർ ഒപ്പിട്ട നിവേദനവും സമർപ്പിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് ആക്ഷൻ കൗൺസിൽ പ്രക്ഷോഭം തുടങ്ങിയത്