കോട്ടയം: ശബരിമല യാത്രയ്ക്കിടയിലെ പ്രധാന ഇടത്താവളമായ തിരുനക്കര മഹാദേവക്ഷേത്രം അയ്യപ്പന്മാരുടെ സാന്നിദ്ധ്യമില്ലാതെ ആളൊഴിഞ്ഞ നിലയിലാണ്.
ക്ഷേത്ര മൈതാനത്തെ ശിവശക്തി ഓഡിറ്റോറിയത്തിൽ വിരിവെയ്ക്കാൻ പ്രത്യേക സൗകര്യമൊരുക്കിയെങ്കിലും അയ്യപ്പൻമാരില്ലാത്ത സ്ഥിതിയാണ്. സുരക്ഷയ്ക്ക് പൊലീസ് എയ്ഡ്പോസ്റ്റും സി.സി.ടി.വി കാമറയും സ്ഥാപിച്ചിരുന്നു. അയ്യപ്പന്മാർക്കായി ചുക്കുവെള്ള വിതരണ സംവിധാനവും ഒരുക്കിയിരുന്നു. വാഹനങ്ങൾ മൈതാനത്തു പാർക്കു ചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും അയ്യപ്പന്മാരുടെ വാഹനങ്ങൾ ഒഴിഞ്ഞ സ്ഥിതിയിലാണ് ക്ഷേത്ര മൈതാനം. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണവുമാകാം തിരക്ക് കുറയാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. 250 പേർക്കുള്ള അത്താഴക്കഞ്ഞി തിരുനക്കരയിൽ തയ്യാറാക്കുന്നുണ്ടെങ്കിലും കഴിക്കാൻ നാട്ടുകാരാണുള്ളത്. അയ്യപ്പൻമാരില്ലാതെ വന്നതോടെ അരിയുടെ അളവ് കുറച്ചു.
എന്നാൽ പതിവു തിരക്ക് കണക്കിലെടുത്ത് കെട്ടു മുറുക്കാൻ അഞ്ചു ഗുരുസ്വാമിമാരെ നിയോഗിച്ചെങ്കിലും ഇവർ അയ്യപ്പന്മാരെ കാത്തിരിക്കേണ്ട ഗതികേടിലാണ്. കെട്ടു നിറയ്ക്കുന്നതിനാവശ്യമായ സാധനങ്ങളുള്ള 1500 കിറ്റുകൾ തയ്യാറാക്കിയെങ്കിലും നട തുറന്ന് ഒരാഴ്ചയായിട്ടും 100 കിറ്റ് പോലും വിറ്റില്ല.
തിരുനക്കര ക്ഷേത്രത്തിന് സമീപമുള്ള സ്വാമിയാർ മഠത്തിൽ ആയിരുന്നു അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാർ എത്തിയിരുന്നത്. താമസവും ഭക്ഷണവും വാഹന സൗകര്യവും ഇവിടെ ഏർപ്പാടാക്കിയിരുന്നു. എന്നാൽ എല്ലാവർഷവും സ്ഥിരമായി വരുന്ന ഭക്തന്മാരുടെ പത്തിലൊന്നു പോലും ഇത്തവണ എത്തിയിട്ടില്ല.