kumaran

വൈക്കം: തലയാഴം മുണ്ടാർ അഞ്ചാം ബ്ലോക്കിൽ കായ്ഫലമുള്ള തെങ്ങുകളും തൈകളും ഉണങ്ങിയും കൂമ്പ് ചീഞ്ഞും നശിക്കുന്നു. തെങ്ങുകൾ വൻതോതിൽ നശിച്ചതോടെ കർഷകരുടെ വർഷങ്ങൾ നീണ്ട അദ്ധ്വാനമാണ് നിഷ്ഫലമാകുന്നത്. തോട്ടകം മുണ്ടാർ അഞ്ചാംബ്ലോക്കിൽ ഒരേക്കർ സ്ഥലമുള്ള നികർത്തിൽ കുമാരന് ഉണ്ടായിരുന്ന 50 ഓളം തെങ്ങിൻ തൈകളിൽ ഇരുപതോളം തൈകൾ ഉണങ്ങിയും കൂമ്പുചീഞ്ഞും നശിച്ചു. കായ് ഫലമുള്ള തെങ്ങുകൾക്കും രോഗബാധയുണ്ട്. പ്രളയത്തിൽ ഒരു മാസത്തിലധികം പ്രദേശം വെള്ളത്തിൽ മുങ്ങി നിന്നതാകാം തെങ്ങുകൾക്ക് രോഗബാധയുണ്ടാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. കുമാരന്റെ സമീപവാസികളായ ശിവദാസ്, പാപ്പാടിക്കരി ജോസഫ്, നന്ദനൻ, തമ്പാൻപുതുക്കരി, രജിമോൻ, മനോഹരൻ തോട്ടുവേലിത്തറ, പുരുഷൻ കറുകത്തട്ട് തുടങ്ങി നിരവധി കർഷകരുടെ തെങ്ങുകളും തൈകളും ഉണങ്ങി നശിക്കുകയാണ്. തെങ്ങുകൾ നശിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തുടർ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.