dalith-santhi

വൈക്കം: വൈക്കത്തഷ്‌ടമി സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിന്ന് പട്ടികജാതിക്കാരനായ ശാന്തിക്കാരനെ ഒഴിവാക്കിയെന്ന് ആക്ഷേപം. സംഭവം വിവാദമായതോടെ ഇയാളെ തിരികെ ചേർത്തു. ഡ്യൂട്ടിക്കുള്ള ശാന്തിമാരുൾപ്പെടെയുള്ളവരുടെ ലിസ്റ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ഇറക്കിയിരുന്നു. ശ്രീകോവിലിന് മുന്നിൽ പ്രസാദം വിതരണത്തിന് നിയോഗിക്കപ്പെട്ട അഞ്ച് പേരിൽ ഒരാളായിരുന്നു കടുത്തുരുത്തി അറുനൂറ്റിമംഗലം തേവർതാനം മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി ചെട്ടിമംഗലം സ്വദേശി ജി. ജീവൻ. എന്നാൽ പിന്നീട് ജീവന്റെ പേര് ഒഴിവാക്കി. ഇത് വിവാദമായതോടെ വീണ്ടും ഉൾപ്പെടുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രനും ജീവനെ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു.

അതേസമയം ക്ഷേത്രത്തിൽ നിന്ന് അനുമതിക്കായി അസിസ്റ്റന്റ് കമ്മിഷണറുടെയും ഡെപ്യൂട്ടി കമ്മിഷണറുടെയും ഓഫീസിൽ പോയ ലിസ്റ്റിൽ ജീവന്റെ പേര് ഇല്ലായിരുന്നെന്നും, ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ മറ്റ് ചിലർക്കൊപ്പം ചേർക്കുകയായിരുന്നെന്നുമാണ് അധികൃതരുടെ വിശദീകരണം. തിരിമറി വിവാദമായതോടെ അധികം ചേർത്തവരെ ഒഴിവാക്കി ആദ്യ ലിസ്റ്റാണ് ഡെപ്യൂട്ടി കമ്മിഷണർ ഒാഫീസ് അംഗീകരിച്ചത്. എന്നാൽ പട്ടികജാതിക്കാരനെ ഒഴിവാക്കിയെന്ന പേരിൽ അത് വലിയ വിവാദമായി. തുടർന്നാണ് ജീവനെ ഉൾപ്പെടുത്തിയുള്ള ലിസ്റ്റ് ഇറക്കിയതെന്ന് അധികൃതർ അറിയിച്ചു.

നവോത്ഥാന മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വൈക്കത്തിന്റെ മണ്ണിൽ തന്നെ പട്ടികജാതിക്കാരന് അയിത്തം കല്പിക്കുന്നത് കാലത്തെ പിന്നോട്ടടിക്കുന്നതിന് തുല്യമാണ്. ദേവസ്വം ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ല. ജാതി വിവേചനം കാണിച്ചവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം.

അഡ്വ. എ. സനീഷ് കുമാർ

(കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്)