hospital

കോട്ടയം: ജനറൽ ആശുപത്രിക്ക് അത്യാധുനിക കെട്ടിടം വരുന്നു. നിലവിൽ ആശുപത്രി സ്ഥിതി ചെയ്യുന്ന 10 ഏക്കറിൽ തന്നെയാണ് 219 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിക്കുന്നത്. ആശുപത്രി നവീകരണത്തിനുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പത്തുനില കെട്ടിടം നിർമ്മിക്കുന്നത്. അന്തിമ രൂപരേഖ ഇൻഫ്രാ സ്ട്രച്ചർ കേരള ലിമിറ്റഡ് (ഇൻകൽ) തയാറാക്കി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു.

രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി. മാർച്ചിന് മുമ്പ് ആദ്യഘട്ട നിർമ്മാണം ആരംഭിക്കും. 174 കോടി ചെലവഴിച്ചാണ് ആദ്യഘട്ടം പൂർത്തിയാക്കുക. 11, 12 വാർഡുകൾ ഉൾപ്പെടെ ജയിൽവാർഡ് വരെയുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, ഇവിടെ പുതിയ കെട്ടിടം നിർമിക്കാനാണ് പദ്ധതി. 300 കിടക്കകളുള്ള ആശുപത്രികെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.

ശസ്ത്രക്രിയ തിയറ്ററുകൾ 10

10 ശസ്ത്രക്രിയ തിയറ്ററുകളും ആശുപത്രിയിൽ സജ്ജമാക്കും. പ്രത്യേക നേത്രരോഗ ചികിത്സാവിഭാഗമൊരുക്കും. സാധാരണ പ്രസവങ്ങൾക്കും പ്രസവ ശസ്ത്രക്രിയകൾക്കുമായി പ്രത്യേകം വിഭാഗങ്ങളാണ് സജ്ജമാക്കുന്നത്. ഉദരരോഗ സംബന്ധമായ ചികിത്സയ്ക്കുള്ള വിഭാഗവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറേറ്റർ സൗകര്യവും ഏർപ്പെടുത്തും. മാലിന്യ സംസ്കരണത്തിന് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പുതിയ കെട്ടിടത്തോട് ചേർന്ന് തന്നെ നിർമ്മിക്കും.

 പ്രവേശനവും പാർക്കിംഗും

പ്രധാന കവാടം കൂടാതെ രോഗികൾക്കും ഡോക്ടർമാർക്കും പ്രവേശിക്കുന്നതിന് ആശുപത്രിക്ക് സമീപത്തെ നഴ്‌സിംഗ് കോളേജിന് സമീപത്തുകൂടി പ്രവേശന കവാടം ഒരുക്കും. പൊതുജനങ്ങൾക്ക് പ്രധാന കവാടത്തിലൂടെയാകും പ്രവേശനം. ആറ് നിലകളിലായി 214 കാറുകൾ ഒരേ സമയത്ത് പാർക്ക് ചെയ്യാൻ കഴിയുന്ന യന്ത്രവൽകൃത മൾട്ടി ലെവൽ കാർപാർക്കിംഗ് സൗകര്യമാണ് ഒരുക്കുക.