കോട്ടയം: കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കാർത്തിക ഉത്സവം ഇന്ന് ആഘോഷിക്കും.
പുലർച്ചെ 3 മുതലാണ് ചടങ്ങുകൾ. രാവിലെ 9 മുതൽ ദേവിവിലാസം എൽ.പി സ്‌കൂൾ മൈതാനത്ത് മഹാപ്രസാദമൂട്ട്. അരലക്ഷം ഭക്തർക്കാണ് സദ്യ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 5.30 മുതൽ നടക്കുന്ന തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്. ക്ഷേത്രസങ്കേതത്തിലും ദേശവഴികളിലും ദീപക്കാഴ്ച ഒരുക്കും. രാത്രി 11.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. നാളെ രാത്രി 9.30ന് മീനച്ചിലാറ്റിലെ ഇടത്തിൽ മണപ്പുറം കടവിൽ ആറാട്ടോടെ ഉത്സവം സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ച് വഴിപാടുകൾക്കായി പ്രത്യേകം കൗണ്ടറുകൾ തുറന്നിട്ടുണ്ട്. വാഹനപാർക്കിംഗിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
കുമാരനല്ലൂർ തൃക്കാർത്തികയോടനുബന്ധിച്ച് ദർശനത്തിനെത്തുന്ന ഭക്ത ജനങ്ങളുടെ വാഹനങ്ങൾ കുമാരനല്ലൂർ മേൽപ്പാലം കടന്ന് കൊച്ചാലും ചുവടുവഴി വലിയാലിൻ ചുവട്ടിലെത്തി തിരിഞ്ഞ് ദേവിവിലാസം സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കുടമാളൂർ ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങളും ഇതേ സ്ഥലത്ത് പാർക്ക് ചെയ്യണം. ഇന്ന് കുമാരനല്ലൂർ ക്ഷേത്ര പരിസരത്ത് വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.