കുമരകം : ചെങ്ങളം കുന്നുംപുറത്ത് കോഴി മോഷണം പോയ സംഭവം അന്വേഷിക്കാനെത്തിയ പൊലീസിന് നേർക്ക് മദ്യപസംഘം കല്ലെറിഞ്ഞു. ബുധനാഴ്‌ച രാത്രി 11നായിരുന്നു സംഭവം. അക്രമം നടത്തിയ അഞ്ച് അംഗ സംഘത്തിലെ മൂന്ന്‌പേരെ തിരിച്ചറിഞ്ഞതായി കുമരകം എസ്.ഐ ജി. രജൻകുമാർ പറഞ്ഞു. ചെങ്ങളം സ്വദേശിയും പ്രവാസിയുമായ സാം എന്നുവിളിക്കുന്ന റോജി.കെ.സാബു , മറൈൻ ഡ്രജിങ് ജീവനക്കാരനായ ജേക്കബ്,ഫോട്ടോഗ്രാഫറായ നിതീഷ് എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. സംഘത്തിലെ മറ്റ് രണ്ട് പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ചെങ്ങളം കുന്നുംപുറത്ത് വാഴക്കാലായിൽ കുരുവിളയുടെ വീട്ടിലെ കോഴിയെ ഒരുസംഘം മദ്യപാനികൾ മോഷ്ടിച്ചെന്നായിരുന്നു പരാതി. ബുധനാഴ്ച രാത്രിയോടെ പൊലീസ് വീട്ടിലെത്തി തിരികെ മടങ്ങവെ ചെങ്ങളം വില്ലേജ് ഓഫീസിന് സമീപം പൊലീസ് സംഘത്തെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ പൊലീസ് വാഹനത്തിന്റെ ചില്ലുകൾ തകരുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
എസ്.ഐ അബ്ദുൾ ലത്തീഫ് , സി.പി.ഒ മാരായ പ്രദീപ് കുമാർ, സുധീർ എന്നിവരാണ് പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്നത്. പൊലീസ് അക്രമിസംഘത്തെ പിൻതുടർന്നെങ്കിലും ഇവർ ഇരുട്ടിൽ ഓടി മറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരുത്തുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക, പൊലീസ് വാഹനത്തിന് കേടുവരുത്തുക എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്.