വൈക്കം: വൈക്കത്തഷ്ടമി ഏഴാം നാൾ മുതൽ ദേശാധിപതിയുടെ പ്രൗഢഗംഭീരമായ എഴുന്നള്ളിപ്പുകൾക്ക് തുടക്കമാകും. ഏഴാം ഉത്സവം രാവിലെ 8ന് നടക്കുന്ന ശ്രീബലിക്ക് തലപ്പൊക്കത്തിൽ മുൻപരായ ഒൻപത് ഗജവീരൻമാർ പങ്കെടുക്കും. ചിറക്കൽ കാളിദാസൻ ഭഗവാന്റെ തിടമ്പേറ്റും. മധുരപുറം കണ്ണൻ, കുളമാക്കിൽ പാർത്ഥസാരഥി, തിരുനക്കര ശിവൻ, ഓമല്ലൂർ ഗോവിന്ദൻ കുട്ടി, നടക്കൽ ഉണ്ണികൃഷ്ണൻ, ഉഷശ്രീ ദുർഗ്ഗപ്രസാദ്, ഉണ്ണിപ്പിളളിൽ ഗണേശൻ എന്നീ ഗജവീരൻമാർ അകമ്പടിയാകും. തിടമ്പേറ്റുന്ന ആനക്ക് സ്വർണ്ണ തലേക്കെട്ടും സ്വർണ്ണക്കുടയും വലിയ ചട്ടവുമാണ് ഉപയോഗിക്കുക. ചട്ടം കട്ടിമാലകളാലും പട്ടുടയാടകളും കൊണ്ട് അലംകരിച്ച് ഭഗവാന്റെ തിടമ്പ് വച്ച് തിരുവാഭരണം ചാർത്തിയുള്ള എഴുന്നള്ളിപ്പ് ഒരു മണി വരെ ഉണ്ടാവും. ദക്ഷിണേന്ത്യയിലെ പേരെടുത്ത കലാകാരന്മാർ മേളമൊരുക്കും.