nattakam

കോട്ടയം: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാസ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സിനെ സർക്കാരും കൈയൊഴിയുന്നു. പുതിയ ഗ്രേസിമന്റ് യൂണിറ്റിന് സർക്കാർ അനുമതി ലഭിക്കാത്തത് സ്ഥാപനത്തിനെ വീണ്ടും നഷ്ടത്തിലേക്ക് തള്ളിവിടുമെന്നാണ് ജീവനക്കാർ പറയുന്നത്. മന്ത്രി ഇ.പി.ജയരാജൻ കഴിഞ്ഞ ദിവസം സിമന്റ്സ് സന്ദർശിച്ചെങ്കിലും സർക്കാർ പ്രഖ്യാപിച്ച അഞ്ചുകോടിയിൽ തടഞ്ഞുവച്ച മൂന്ന് കോടി രൂപ നൽകാമെന്ന ഉറപ്പിനപ്പുറം ഒന്നും ലഭിച്ചില്ല. ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളം കുടിശികയാണ്. മാസം പത്തു കോടി രൂപയുടെ നഷ്ടത്തിലാണ് കമ്പനി. ഈജിപ്തിൽ നിന്ന് ക്രിന്റർ ഇറക്കുമതി ചെയ്യുന്നത് കൊണ്ട് സിമന്റും വാൾപുട്ടിയും ഉത്പാദിപ്പിച്ചു കമ്പനി പ്രവർത്തിക്കുന്നുവെന്നു മാത്രം.

പുതിയ ഗ്രേസിമന്റ് പ്രോജക്ടിനും വോൾ പുട്ടിയൂണിറ്റിനുമായി പത്തുകോടി അനുവദിക്കാമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ഇത് കമ്പനിയെ ലാഭത്തിലെത്തിക്കുമെന്നും കരുതിയിരുന്നു. സർക്കാർ അനുവദിക്കുന്ന മൂന്ന് കോടി ശമ്പളക്കുടിശികയ്ക്കേ തികയൂ. പി.എഫ് ,റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്കായി വേറെ പണം കണ്ടെത്തണം. പ്രധാന അസംസ്കൃത വസ്തുവായ കക്ക പെരുമ്പളം ദ്വീപിനു സമീപത്ത് നിന്ന് ശേഖരിക്കുന്നതിനുള്ള ലീസ് പുതുക്കുന്നതിന് മാനേജ്മെന്റ് നടപടി സ്വീകരിക്കാതിരുന്നതാണ് ഫാക്ടറിയുടെ പ്രവർത്തനം സ്തംഭനത്തിലാക്കിയതെന്ന് ഭരണപക്ഷ യൂണിയനുകൾ ആരോപിക്കുന്നു. കക്ക ശേഖരണം നിലച്ചതോടെ മൂന്നു കോടി രൂപ വിലയുള്ള ഡ്രഡ്ജർ ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുകയാണ്.