vaikom-1

വൈക്കം: അഷ്ടമിയുടെ പ്രധാന താന്ത്രിക ചടങ്ങുകളിൽ ഒന്നായ ഉത്സവബലി ദർശനത്തിന് തുടക്കമായി.

പ്രത്യേക ആചാരാനുഷ്ഠാന പ്രകാരമുള്ള ചടങ്ങ് മൂന്ന് മണിക്കൂർ നീണ്ടുനിന്നു. വൈക്കം ക്ഷേത്രത്തിൽ രണ്ടു തന്ത്രിമാർ ഉണ്ടായത് ഉത്സവബലിയുമായി ബന്ധപ്പെട്ടാണ്. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ച ചടങ്ങിൽ മേൽശാന്തി ശ്രീധരൻ നമ്പൂതിരി , കീഴ്ശാന്തി പാറൊളി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. പുതുശ്ശേരി രാജേഷ്, തിരുമറയൂർ ഗിരിജൻമാരാർ, മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ എന്നിവർ മരപ്പാണി വായിച്ചു. നാലമ്പലത്തിലെ ചടങ്ങുകൾക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിച്ച് ആചാരപ്രകാരം ചടങ്ങുകൾ പൂർത്തിയാക്കി. ഗജവീരൻ നടക്കൽ ഉണ്ണികൃഷ്ണൻ തിടമ്പേറ്റി. 6,8,11 ഉത്സവദിവസങ്ങളിലാണ് അടുത്ത ഉത്സവബലി നടക്കുക. ശ്രീഭൂതബലിക്ക് പകരമായാണ് ഉത്സവബലി. നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവപാർഷദന്മാർക്കും തൻ പാർഷദന്മാർക്കും ജലഗന്ധ പുഷ്പ ധൂപ ദീപസമേതം ഹവിസ്സ് ബലി അർപ്പിക്കുന്നതാണ് ചടങ്ങ്.ദേവാസുര- ഗന്ധർവ്വ - യക്ഷ-പിത്യ നാഗ-രാക്ഷസ- പിശാച ഗേഹങ്ങളിലുള്ള എല്ലാവരെയും സങ്കല്പിച്ച് ഹവിസ്സ് തൂകുന്ന ചടങ്ങും ഉത്സവബലിയുടെ പ്രത്യേക്തയാണ്. വിശേഷപ്പെട്ട മൂലബിംബം ആറാട്ടിനും ഉത്സവബലിക്കും ശ്രീഭൂതബലിക്കും മാത്രമേ ശ്രീകോവിലിൻ നിന്നും പുറത്തേക്ക് എഴുന്നള്ളിക്കാറുള്ളു.. ഉപവാസത്തോടെ ഉൽസവബലി ദർശനം നടത്തുന്നത് ശ്രേയസ്കരവും ശത്രു നാശ കരണവുമാണെന്നാണ് വിശ്വാസം.