കോട്ടയം: സ്ത്രീകൾക്കുള്ള ബുദ്ധിമുട്ടുകൾ അവർക്ക് മാത്രമേ അറിയൂ.എന്നാൽ ഇവിടെ വനിതാ അദ്ധ്യക്ഷ
ഭരിച്ചിട്ടും കോട്ടയം നഗരസഭയിലെ സ്‌ത്രീസൗഹൃദ പദ്ധതികൾക്ക് ഒച്ചിന്റെ വേഗത. സ്‌ത്രീ സൗഹൃദത്തിന്റെ പേര് പറഞ്ഞ് കഴിഞ്ഞ രണ്ട് വർഷവും കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഒറ്റ പദ്ധതി പോലും കാര്യക്ഷമമായി നടപ്പിലാക്കാൻ കോട്ടയം നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. നാഗമ്പടത്ത് ഷീ ലോഡ്‌ജ്, ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ലേഡീസ് ഹോസ്റ്റൽ, നഗരത്തിൽ വന്നുപോകുന്ന സ്ത്രീകൾക്ക് ഷീ ടോയ്‌ലറ്റ്, സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ''സത്രീസുരക്ഷ ആപ്ലിക്കേഷൻ '', വാർഡ്തല ജാഗ്രതാസമിതികൾ , പൊതുസ്ഥലങ്ങളും വാർഡുകളും കേന്ദ്രീകരിച്ച് പരാതിപ്പെട്ടികൾ , വാർഡ് തലത്തിൽ നിയമസാക്ഷരതാ കൗൺസിലിംഗ്, പരാതിപരിഹാര അദാലത്തുകൾ സംഘടിപ്പിക്കുക, നിയമസഹായ ക്ലിനിക്കുകൾ, സ്ത്രീകളിലെ സ്‌തനാർബുദം തുടക്കത്തിലേ കണ്ടെത്തുന്നതിനായി '' മാമോഗ്രാം '' മെഷീൻ തുടങ്ങി അമ്പത്തിലേറെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നാൽ ഒരൊറ്റ പദ്ധതിപോലും നടപ്പിലാക്കാനായിട്ടില്ലെന്നാണ് ജനസംസാരം.
പദ്ധതികൾ ഒറ്റനോട്ടത്തിൽ.
ഷീ ടോയ്‌ലറ്റ്
ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുറന്നു കൊടുക്കാത്ത മൂന്ന് ടോയ്‌ലറ്റുകളാണ് കോട്ടയം നഗരത്തിലുള്ളത്. പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം, തിരുനക്കര എന്നീ മൂന്നിടങ്ങളിലാണ് നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ടോയ്‌ലെറ്റ് തുറക്കാതിട്ടിരിക്കുന്നത്. വാട്ടർ കണക്ഷനില്ലെന്നാണ് നഗരസഭയുടെ ന്യായീകരണം. എന്നാൽ ഇതിന് തുടർനടപടി സ്വീകരിക്കാനും നഗരസഭ തയാറായിട്ടില്ല.
ഷീ ടോയ്‌ലറ്റിനായി ചെലവഴിച്ചത്.....25 ലക്ഷം
ഷീ ലോഡ്‌ജും വനിതാ ഹോസ്റ്റലും
കോട്ടയം നഗരത്തിൽ വന്നു പോകുന്ന സ്‌ത്രീകൾക്ക് രാത്രികാലങ്ങളിൽ താമസിക്കാൻ നാഗമ്പടം ബസ്‌സ്റ്റാൻഡിൽ ഷീ ലോഡ്‌ജ്, വിദ്യാർത്ഥികൾക്കും ജോലിക്കാരായ സ്‌ത്രീകൾക്കും കുറഞ്ഞ ചെലവിൽ താമസിക്കാൻ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ലേഡീസ് ഹോസ്റ്റൽ എന്നിവയായിരുന്നു കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ. എന്നാൽ ലേഡീസ് ഹോസ്റ്റലിന് സർക്കാരിൽ നിന്നുള്ള നിർമ്മാണ അനുമതി ലഭിച്ചിട്ടില്ലെന്ന് നഗരസഭ പറയുന്നു. ഷീ ലോഡ്‌ജിന്റെ നിർമ്മാണവും എങ്ങുമെത്തിയിട്ടില്ല.
മൊബൈൽ ആപ്പും , മാമോഗ്രാം മെഷീനും
സ്ത്രീകൾക്ക് കരുതലേകാൻ പൊലീസും മൊബൈൽ കമ്പനികളുമായി സഹകരിച്ച് നഗരസഭ
'' സ്ത്രീ സുരക്ഷാ '' ആപ്ലിക്കേഷൻ നടപ്പിലാക്കുമെന്ന് പറഞ്ഞെങ്കിലും തീരുമാനമായിട്ടില്ല.
സ്‌ത്രീകൾക്കിടയിലെ സ്‌താനാർബുദം തുടക്കത്തിലെ കണ്ടെത്താൻ ജില്ലാ ആശുപത്രിയിൽ മാമോഗ്രാം മെഷീൻ സ്ഥാപിക്കാൻ പദ്ധതിയിട്ടതും എങ്ങുമെത്തിയിട്ടില്ല.