കോട്ടയം: എം. സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ എം സി റോഡിൽ പള്ളം ബോർമ്മ കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഇരുമ്പ് കമ്പിയുമായി എത്തിയ ലോറിയിൽ ചങ്ങനാശേരി ഭാഗത്ത് നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ലോറി എം സി റോഡിൽ കുറുകെ കിടന്നു. മുന്നിലേയ്ക്ക് പാഞ്ഞ കാർ സമീപത്തെ സിഗ്‌നൽ ബോർഡ് തകർത്താണ് നിന്നത്. ലോറിയും കാറും റോഡിനു നടുവിൽ രണ്ടിടത്തായി കിടന്നതോടെ വാഹനങ്ങൾ ചിങ്ങവനം , മണിപ്പുഴ എന്നിവിടങ്ങളിൽ വഴി തിരിച്ച് വിട്ടു.
ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് ഡീസൽ പുറത്തേയ്ക്ക് ഒഴുകി.കൂടാതെ കാറിൽ നിന്നും പുക ഉയർന്നത് അപകട ഭീതിയുണ്ടാക്കി. ക്രെയിൻ ഉപയോഗിച്ച് ഒരു മണിക്കൂറിന് ശേഷമാണ് കാറും ലോറിയും നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. ചിങ്ങവനം എസ്. ഐ അനൂപ് സി. നായരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഡീസൽ വീണ റോഡ് ഫയർഫോഴ്സ് കഴുകി വൃത്തിയാക്കി. ചിങ്ങവനം പൊലീസ് കേസെടുത്തു.