വൈക്കം ശൈവർക്ക് അനുഗ്രഹവർഷം ചൊരിയാൻ ഏഴാം ഉത്സവദിനമായ ഇന്ന് ശ്രീമഹാദേവൻ ഋഷഭവാഹനത്തിൽ എഴുന്നള്ളും. രാത്രി അത്താഴപൂജയും ശ്രീബലിയും ശ്രീഭൂതബലിയും കഴിഞ്ഞ് പതിനൊന്നരയോടെയാണ് ഋഷഭവാഹന എഴുന്നള്ളിപ്പ്. പട്ടുടയാടകളും പുഷ്പമാല്യങ്ങളും കൊണ്ടലങ്കരിച്ച ഭഗവാന്റെ ചട്ടം കൂറ്റൻ വെള്ളിക്കാളപ്പുറത്ത് കുളിച്ച്, തറ്റുടുത്ത് വിഭൂതിയണിഞ്ഞ് ശുദ്ധരായ നാൽപ്പതോളം മൂസ്സതുമാർ ചേർന്ന് മുളന്തണ്ടിലേറ്റിയാണ് എഴുന്നള്ളിക്കുക. എഴുന്നള്ളത്തിന് നെറ്റിപ്പട്ടം കെട്ടിയ ഏഴാനകൾ അകമ്പടിയാകുമ്പോൾ അതിൽ രണ്ടാനകൾ സ്വർണ്ണത്തിൽ തീർത്ത നെറ്റിപ്പട്ടമാണ് അണിയുക. രണ്ട് തങ്കക്കുടകളും, ആലവട്ടവും വെൺചാമരവുമടക്കമുള്ള മുന്തിയ ഇനം ആനച്ചമയങ്ങളുമുണ്ടാകും. തെക്കേമുറ്റത്ത് എഴുന്നള്ളി നിൽക്കുമ്പോൾ പ്രദക്ഷിണ വഴിയിൽ ആലക്തിക ദീപങ്ങൾ നിരക്കും. അഞ്ച് പ്രദക്ഷിണങ്ങളുള്ളതിൽ ഒരോന്നിനും ഓരോ തരം വാദ്യങ്ങളാണുപയോഗിക്കുക. അകമ്പടിയായി സായുധ പൊലീസുമുണ്ടാകും.