മേവെള്ളൂർ: കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ തിട്ടയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
മേവെള്ളൂർ പുത്തൻപുരയ്ക്കൽ കെ.ആർ. അൽകുമാറിന്റെ വീടാണ് അപകടാവസ്ഥയിലായത്.കഴിഞ്ഞദിവസം പെയ്ത കനത്തമഴയെ തുടർന്ന് വീടിനെചുറ്റിയൊഴുകുന്ന മേവെള്ളൂർ പുഞ്ചത്തോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വീടിന്റെ ചുറ്റുമുള്ള 70 മീറ്ററോളം നീളത്തിലുള്ള മതിലും ഒപ്പമുള്ള തിട്ടയും ഇടിഞ്ഞ് തോട്ടിൽ പതിക്കുകയായിരുന്നു. കിണറിന്റെ ചുറ്റുമതിലും ഇതിനൊപ്പം ഇടിഞ്ഞുവീണു. വീടിന്റെ ഒരുവശത്ത് തറയോട് ചേർന്നുവരെയുള്ള മണ്ണിടിഞ്ഞ് വീണതോടെയാണ് വീട് അപകടാവസ്ഥയിലായത്. പതിനഞ്ചടിയോളം ഉയരത്തിലുള്ളതാണ് തിട്ടയും മതിലും.വെള്ളപ്പാച്ചിലിൽ മണ്ണ് കുത്തിയൊലിച്ച് പോയതാണ് തിട്ടയും മതിലും ഇടിഞ്ഞു വീഴാൻ കാരണം.പുഞ്ചപ്പാടത്ത് നിറയുന്ന വെള്ളമൊഴുകിപ്പോകാൻ പുഞ്ചത്തോടുമാത്രമാണുള്ളത്. മറ്റ് ചെറിയതോടുകളെല്ലാം നികത്തിയതാണ് തോട്ടിൽ ജലനിരപ്പുയരാനും കനത്തവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളമിറങ്ങിയതോടെ പുഞ്ചപ്പാടത്തെ നെൽക്കൃഷിയും നശിച്ചു.