കോട്ടയം: കോടിമത വാട്ടർ ഹബ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ജില്ലാ വികസന സമിതി യോഗം. എട്ട് കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും രണ്ട് കോടിയുടെ പ്രവർത്തനങ്ങൾ കൂടി പൂർത്തീകരിച്ചാൽ കോട്ടയം നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് എടുത്ത് പറയാൻ കഴിയുന്ന നേട്ടമായി ഇതു മാറുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പ്രളയത്തിൽ തകർന്ന കെ.എസ്.ടി.പി റോഡുകൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായുള്ള നിർമ്മാണ ജോലികൾ സമയത്തിനകം പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ഡോ.എൻ. ജയരാജ് എം.എൽ.എ പറഞ്ഞു. പ്ലാൻ തുക ഉപയോഗിച്ചുളളതു മാത്രമല്ല എം.എൽ.എമാരുടേയും എം.പി മാരുടേയും ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള നിർമ്മാണ ജോലികളും പദ്ധതി കാലാവധി കഴിഞ്ഞും മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ്. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് സബ്മിഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പി.ഡബ്ല്യു.ഡി പൊൻകുന്നം ഡിവിഷനു കീഴിലുള്ള സ്‌കൂൾ മേഖലകളിലെ റോഡുകളിലെ സീബ്രാലൈനുകൾ മാഞ്ഞു പോയത് ഉടൻ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി അദ്ധ്യക്ഷത വഹിച്ചു. പ്ലാൻ സ്‌കീമുകൾ, എം.പി, എം.എൽ.എ പ്രാദേശിക വികസന പദ്ധതികൾ, കേന്ദ്രധനസഹായ പദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ എന്നിവയുടെ നിർവഹണ പുരോഗതി യോഗം അവലോകനം ചെയ്തു. തുക വിനിയോഗത്തിൽ പിന്നിൽ നിൽക്കുന്ന വകുപ്പുകളും സ്ഥാപനങ്ങളും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കി പുരോഗതി പ്ലാൻ സ്‌പെയ്‌സിൽ അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ, ഡോ.എൻ ജയരാജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ്. പി. മാത്യു എന്നിവർ സംസാരിച്ചു.
പ്ലാൻ ഫണ്ട് വിനിയോഗം
ഗ്രാമ പഞ്ചായത്തുകൾ 40.98 %
ബ്ലോക്കു പഞ്ചായത്തുകൾ 42.60 %
ജില്ലാ പഞ്ചായത്ത് 39.16 %
മുനിസിപ്പാലിറ്റികൾ 34. 11 %