കോട്ടയം: ദിശാബോധമുള്ള കുട്ടികളെ വാർത്തെടുക്കാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് 2017-18 അദ്ധ്യയന വർഷത്തെ മികവിനുള്ള ക്യാഷ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ക്ലാസ് മുതലുള്ള കോഴ്‌സുകളിൽ ഉന്നത വിജയം നേടിയവർക്കാണ് ക്യാഷ് അവാർഡ് വിതരണം ചെയ്തത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ അംഗങ്ങളുടെ 126 കുട്ടികൾക്കാണ് പുരസ്‌കാരം നൽകിയത്. 3000 രൂപയാണ് അവാർഡ് തുക. അസംഘടിത മേഖലയായിരുന്ന കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രൂപം കൊണ്ട ബോർഡാണിത്. പെൻഷനടക്കം ഒൻപതോളം ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് ലഭ്യമാണ്. മുൻ എംഎൽഎ വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. കെ. അനന്തഗോപൻ സ്വാഗതവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബീനാ മോൾ വർഗ്ഗീസ് നന്ദിയും പറഞ്ഞു.