കോട്ടയം: നഗരത്തിലെ കോൺക്രീറ്റ് കാടിന് നടുവിൽ കൃഷിയുടെ പച്ചപ്പ് നിറയുകയാണ്. കൊടൂരാറിന്റെ തീരത്ത് രണ്ടായിരം ഏക്കർ തരിശുനിലങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷമാണ് വിത്തണിയുന്നത്. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കുന്നത്. ഫ്ളാറ്റുകളും കെട്ടിടങ്ങളും നിറഞ്ഞ നഗരമദ്ധ്യത്തിൽ കൃഷി സാദ്ധ്യമാക്കിയെന്നതാണ് ശ്രദ്ധേയം.

26 ന് രാവിലെ 9 ന് മന്ത്രി വി.എസ്.സുനിൽകുമാർ പനച്ചിക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട പുന്നയ്ക്കൽ ചുങ്കം പാടശേഖരങ്ങളിൽ വിത ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വി.എൻ. വാസവൻ എക്സ്. എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വാകത്താനം, പനച്ചിക്കാട്, പുതുപ്പള്ളി, വിജയപുരം, പഞ്ചായത്തുകളിലും കോട്ടയം നഗരസഭാതിർത്തിയിലുമായാണ് കൊടൂരാറിന്റെ തീരത്ത് നെൽകൃഷി പുനരാരംഭിക്കുക.കോടിമത ഈരയിൽക്കടവ് തോട്, മന്ദിരം തോട്, പാതിയപ്പള്ളിക്കടവ് എന്നിവിടങ്ങളിൽ ജനങ്ങൾ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് തോടുകൾ വീണ്ടെടുക്കുന്നത്.

'' സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നത് കോട്ടയത്താണ്. ഇതെല്ലാം സാദ്ധ്യമായത് മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജനത്തിലൂടെയാണ്

അഡ്വ.കെ.അനിൽകുമാർ, പദ്ധതി കോ-ഓർഡിനേറ്റർ