കോട്ടയം: വെള്ളിയാഴ്‌ച രാത്രി 11 മണിയോടെ എം.സി റോഡിലെ പള്ളം ബോർമ്മക്കവലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മുടങ്ങിയ ഗതാഗതം ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് പുന:സ്ഥാപിച്ചത്. മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ തൃക്കൊടിത്താനം അമര കുളങ്ങോട്ടുകുന്നേൽ അനിൽകുമാറിനെ (39) തിരെ ചിങ്ങവനം പൊലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തിൽ പിൻ ചക്രങ്ങൾ രണ്ടും തകർന്ന ലോറി ഏഴു മണിക്കൂറാണ് എം.സി റോഡിൽ കിടന്നത്.
പെരുമ്പാവൂരിൽ നിന്നും ഇരുമ്പ് കമ്പിയുമായി തിരുവനന്തപുരം നെടുമങ്ങാടേയ്ക്ക് പോകുകയായിരുന്നു ലോറി. ചങ്ങനാശരിയിൽ നിന്നും എറണാകുളത്തേയ്‌ക്ക് പോകുകയായിരുന്നു കാർ നിയന്ത്രണം വിട്ട് ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിച്ച ശേഷം പിന്നിലെ ടയറുകൾ ഇടിച്ചു തകർത്തു. സിഗ്‌നൽ ബോർഡ് തകർത്ത് റോഡിൽ രണ്ട് വട്ടം കറങ്ങിയാണ് കാർ നിന്നത്.അപകടത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് ഡീസൽ റോഡിലേയ്ക്ക് ഒഴുകി.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ലോറി എം. സി റോഡിൽ കുറുകെ കിടന്നു.
ലോറിയെ പലതവണ ക്രെയിൻ ഉപയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും ക്രെയിൻ പൊട്ടിപ്പോകുകയായിരുന്നു. 20 ടൺ കമ്പിയാണ് ലോറിയിലുണ്ടായിരുന്നത്. കൂടാതെ ഇടിയിൽ ലോറിയുടെ പിന്നിലെ രണ്ട് ടയറുകളും പൊട്ടിയിരുന്നു. ഇതിനാലാണ് ലോറിയെ റോഡിൽ നിന്നും മാറ്റാനാകാതായത്. പുലർച്ചയോടെ ലോറിയിലെ ലോഡ് മുഴുവനും മാറ്റിയ ശേഷമാണ് റോഡിനു നടുവിൽ കിടന്ന ലോറി മാറ്റാനായത്.
ലോറിയും കാറും റോഡിനു നടുവിൽ രണ്ടിടത്തായി കിടന്നതോടെ വാഹനങ്ങൾ ചിങ്ങവനം , മണിപ്പുഴ എന്നിവിടങ്ങളിൽ വഴി തിരിച്ച് വിട്ടു. രാത്രി പന്ത്രണ്ട് മണിയോടെ ക്രെയിൻ ഉപയോഗിച്ച് കാർ നീക്കി റോഡിന്റെ ഒറു ഭാഗത്തു കൂടി വാഹനങ്ങൾ കടത്തി വിട്ടു. റോഡിൽ പരന്നൊഴുകിയ ഡീസൽ അഗ്നിശമന സേന കഴുകി വൃത്തിയാക്കുകയും ചെയ്തു. തുടർന്ന് ലോറിയെ പല തവണ റോഡിനു നടുവിൽ നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും ക്രെയിൻ പൊട്ടി പോകുകയായിരുന്നു. ഇരുപത് ടൺ ഇരുമ്പ് കമ്പിയാണ് ലോറിയിലുണ്ടായിരുന്നത്. പുലർച്ചെ ലോറിയിലെ ലോഡ് മുഴുവനും ഇറക്കി മറ്റൊരു ലോറിയിൽ കയറ്റിയ ശേഷമാണ് റോഡിനു നടുവിൽ നിന്നും ലോറി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.