വൈക്കം: അഷ്ടമി ഏഴാം ഉത്സവ നാളിലെ ശ്രീബലി രാജകീയ പ്രൗഡിയോടെയാണ് നടന്നത്. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജരാജൻ ചിറക്കൽ കാളിദാസൻതിടമ്പേറ്റി. മധുരപ്പുറം കണ്ണൻ, കുളമാക്കിൽ ഗണേശൻ, തിരുനക്കര ശിവൻ, തിരുവമ്പാടി അർജ്ജുനൻ ,ഉഷശ്രീ ദുർഗ്ഗപ്രസാദ്, ഓമല്ലൂർ ഗോവിന്ദൻ കുട്ടി, ഉണ്ണിപ്പിളളിൽ ഗണേശൻ, നടക്കൽ ഉണ്ണികൃഷ്ണൻ എന്നി ഗജവീരൻമാർ അകമ്പടിയായി. എഴുന്നള്ളിപ്പ് ആനക്ക് സ്വർണ്ണതലേക്കെട്ടും സ്വർണ്ണക്കുടയുമാണ് ഉപയോഗിച്ചത്.അഞ്ചു മണിക്കൂർ നീണ്ടുനിന്ന ശ്രീബലിക്ക് വൈക്കം ഷാജി, വൈക്കം സുമോദ്, ചെറായി മനോജ്, ആലപ്പുഴ എസ് വിജയകുമാർ എന്നിവർ നാദസ്വരം ഒരുക്കി. സിനിമാതാരം ജയറാമിന്റെ നേതൃത്വത്തിൽ നൂറ്റിപ്പതിനൊന്ന് കലാകാരൻമാർ പങ്കെടുത്ത പഞ്ചാരിമേളവും അകമ്പടിയായി.