കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി നിർമ്മാണം ആരംഭിച്ച കഞ്ഞിക്കുഴി മേൽപ്പാലത്തിന്റെ നിർമ്മാണം പുന:രാരംഭിച്ചു. പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി ജൂലായ് ആദ്യത്തിലാണ് മേൽപ്പാലം പൊളിച്ചു നീക്കിയത്. തുടർന്ന് ഇതിനു സമാന്തരമായി റോഡ് നിർമ്മിക്കുകയും ചെയ്‌തു. ഇതിനിടെ എത്തിയ പ്രളയമാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിച്ചത്. പത്തു മാസം കൊണ്ടു പാലം പണി തീർക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.എന്നാൽ പാലം നിർമ്മാണം അനിശ്‌ചിതമായി വൈകിയതോടെ നാട്ടുകാർ പരാതിയുമായി റെയിൽവേ അധികൃതരെ സമീപിക്കുകയായിരുന്നു.
തുടർന്നാണ് അതിവേഗം പാലം പുതുക്കിപ്പണിയാനുള്ള തീരുമാനമുണ്ടായത്.
ഇപ്പോൾ കരാറുകാർ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ടുണ്ട്. പാലത്തിന്റെ രണ്ട് തൂണിലെയും പൈലിംഗ് ജോലികൾ ഈ ആഴ്‌ച പൂർത്തിയായേക്കും. തുടർന്നാവും അടുത്ത ഘട്ടത്തിലേയ്‌ക്ക് കടക്കുക. നിലവിലെ സാഹചര്യത്തിൽ പാലം പൂർത്തിയാക്കാൻ ഇനിയും പത്തു മാസമെടുക്കും. പാലം നിർമ്മാണത്തിനു മുന്നോടിയായി ഇവിടുത്തെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, വൈദ്യുതി ലൈനുകളും മാറ്റിയിരുന്നു.