കോട്ടയം: നദീപുന:ർസംയോജന പദ്ധതിക്ക് ജീവൻ പകരാൻ ജലസേചന വകുപ്പിന്റെ സഹായം. മീനച്ചിലാറ്റിൽ നിന്ന് മീനന്തറയാറ്റിലേക്ക് വേനൽക്കാലത്ത് വെള്ളം എത്തിക്കുന്നതിനും മറ്റ് ശുചീകരണ പ്രവർത്തനങ്ങൾക്കുമായി ജലസേചന വകുപ്പ് ഫണ്ട് അനുവദിച്ചു.

മീനച്ചിലാർ- മീനന്തറയാർ-കൊടൂരാർ പുനർസംയോജനപദ്ധതിയുടെ ഭാഗമായി ആറുമാനൂരിൽ നിന്നുള്ള മടയ്ക്കൽ തോട്, മുണ്ടിതോട്, ചൊറിച്ചിതോട് എന്നിവ വീണ്ടെടുത്തു. അമയന്നൂർ വാലുങ്കൽ തോടുവഴി മീനന്തറയാറുമായുള്ള സംയോജനപ്രവർത്തനങ്ങൾ ജനകീയമായി പൂർത്തീകരിച്ചു.ഇതോടെ അയർക്കുംന്നം മണർകാട്, വിജയപുരം പഞ്ചായത്തുകളിലായി ഏക്കറുകളോളം തരിശുനിലങ്ങളിൽ കൃഷി വീണ്ടെടുക്കാൻ സാധിച്ചു. കൃഷിയുടെ ആവശ്യത്തിലേക്കായി താത്ക്കാലികമായി മോട്ടോറുകൾ പ്രവർത്തിപ്പിച്ചു നീരൊഴുക്ക് പരിശോധിക്കുകയും, നദീ പുനർസംയോജനം പ്രായോഗികമാണെന്നു തെളിയുകയും ചെയ്തു. ഇതിന്റെ ഭാഗമായി അമയന്നൂർ ക്ഷേത്രത്തിലെ ആറാട്ടുകടവിൽ ആറാട്ടു വിളക്കിനു ശുദ്ധജലം ഒഴുക്കിയെത്തിക്കാനായി. അടഞ്ഞുപോയ നിരവധി തോടുകൾ വീണ്ടെടുക്കുകയും, വീതിയും ആഴവും കൂട്ടുകയും ചെയ്‌തു. നീരൊഴുക്കു തടസപ്പെടുത്തുന്നവിധം അടിത്തട്ട് ഉയർന്ന തരത്തിൽ നിർമ്മിച്ചിട്ടുള്ള പാലങ്ങളുടെ അട്ടിത്തട്ടിലെ തടസങ്ങൾ നീക്കാൻ പൊതുമരാമത്തു വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ മീനച്ചിലാറ്റിലെ വെള്ളം മഴക്കാലത്ത് സുഗമമായി മീനന്തറയാറ്റിലേയ്ക്കൊഴുകിയെത്തും.