കോട്ടയം: ഇളകി വീഴാറായ ഗാലറികൾ, കുന്നുകൂടി കിടക്കുന്ന മാലിന്യം, മഴ പെയ്താൽ വെള്ളക്കെട്ട് , രാത്രിയിൽ സാമൂഹ്യവിരുദ്ധ ശല്യം...നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലെ കാഴ്ചകൾ ഏതൊരു കായികപ്രേമിയുടെയും കണ്ണ് നിറയിക്കും. മൈതാനത്തിന്റെ പച്ചപ്പിൽ കാൽപ്പന്ത് പരിശീലനത്തിന് എത്തിയ കുരുന്നുകളടക്കം നിരാശയോടെയാണ് മടങ്ങുന്നത്. നിരവധി കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു സ്റ്റേഡിയം അവഗണനയുടെ ട്രാക്കിലൂടെ ഓടാൻ തുടങ്ങിയിട്ട് നാളേറെയായി.
പത്തര ഏക്കറിലാണു സ്റ്റേഡിയവും അനുബന്ധ കെട്ടിടവും സ്ഥിതിചെയ്യുന്നത്. മഴ പെയ്താൽ ട്രാക്കുകളിൽ വെള്ളംകയറി ചെളിക്കുളമാകുന്ന സ്ഥിതിയാണ്. പല തവണ മണ്ണിട്ടു നിരപ്പാക്കിയെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. രണ്ടു വർഷം മുൻപു ഗാലറിയുടെ ഒരുവശം നിലംപൊത്തിയിരുന്നു.
ജേഴ്‌സി മാറാൻ പവലിയിനിൽ പരിമിതമായ സൗകര്യമേയുള്ളൂ. ശൗചാലയങ്ങളും വേണ്ടത്രയില്ല. ട്രാക്കുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ പുല്ലു വളർന്നുനിൽക്കുകയാണ്. നിലത്ത് പാകിയിരുന്ന ടൈലുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സ്റ്റേഡിയം മുഖം മിനുക്കാൻ അടുത്തിടെ നഗരസഭ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.
എവിടെയും മാലിന്യമല
സ്റ്റേഡിയവും പരിസരവും മാലിന്യത്താൽ മുങ്ങിയിരിക്കുകയാണ്. പരിശീലനത്തിനെത്തുന്നവർ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് കൂടുതൽ. ഇത് ഭക്ഷിക്കാനായി തെരുവ് നായ്ക്കളും താവളമടിച്ചതോടെ ഭീതിയോടെയാണ് പലരും ഇവിടെയത്തുന്നത്. പവലിയിനടിയിൽ നിരവധി മദ്യക്കുപ്പികളാണ് കിടക്കുന്നത്. രാത്രികാലങ്ങളിൽ മദ്യപസംഘം ഏറ്റുമുട്ടുന്നതും പതിവാണ്.
മിഴിയടച്ച് സോളാർലൈറ്റ്
സ്റ്റേഡിയത്തിൽ സ്ഥാപിച്ച 28 സോളാർ ലൈറ്രുകളും മിഴിയടച്ചു. ഭൂരിഭാഗവും സാമൂഹ്യവിരുദ്ധർ തകർത്തതാണെന്നാണ് ആക്ഷേപം.