കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തെ വഴിയരികിൽ മാലിന്യം കുന്നുകൂടുന്നു.

ആശുപത്രിക്ക് സമീപത്തെ റോഡരികിലാണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നത്. മഴ പെയ്യുന്നതോടെ അഴുകുന്ന ഈ മാലിന്യങ്ങൾ റോഡിലേയ്ക്ക് ഒലിച്ചിറങ്ങുന്നു. അതോടെ ഇതുവഴി മൂക്കു പൊത്തി മാത്രമേ പോകാൻ കഴിയൂ. കൂടാതെ മലിനജലം സമീപത്തെ കിണറുകളിലേയ്ക്കും ജലാശയങ്ങളിലേയ്ക്കും എത്തുന്നതോടെ രോഗങ്ങൾ പടരാനും സാദ്ധ്യതയുണ്ട്.

രാത്രിയിൽ ബൈക്കുകളിലെത്തി മാലിന്യം നിക്ഷേപിക്കുന്നതായാണ് സമീപവാസികൾ പറയുന്നത്. എച്ച് 1 എൻ 1 , മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങൾ സ്ഥിരീകരിച്ചിട്ടുള്ള ആശുപത്രിയുടെ സമീപമാണ് ഇത്തരത്തിൽ മാലിന്യ നിക്ഷേപം തുടരുന്നത്. നിരവധി തവണ ആർപ്പുക്കര പഞ്ചായത്തിൽ മാലിന്യ പ്രശ്നത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. മാലിന്യ പ്രശ്നം നിയന്ത്രിച്ചില്ലെങ്കിൽ കൂടുതൽ ആളുകളിലേയ്ക്ക് രോഗം പടരുമെന്നും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നുമുള്ള ആശങ്കയിലാണ് മെഡിക്കൽ കോളേജ് നിവാസികൾ.എന്നാൽ തെരുവ് നായ്‌ക്കൾ കൂടി ഈ ഭാഗം കൈയടക്കിയതോടെ രാത്രി യാത്ര വളരെ ബുദ്ധിമുട്ടിലായി. നടന്നു പോകുന്നവർക്ക് നേരേ തെരുവു നായ്ക്കളുടെ ആക്രമണം പതിവാണെന്നാണ് പ്രദേശത്തെ കച്ചവടക്കാർ പറയുന്നത്.
ആശുപത്രി പരിസരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറ സ്ഥാപിക്കുമെന്നും പിടിയിലാകുന്നവരുടെ കൈയ്യിൽ നിന്നും പിഴ ഈടാക്കുമെന്നുമുള്ള പഞ്ചായത്തിന്റെ പ്രഖ്യാപനവും എങ്ങുമെത്തിയില്ല. ഈ പ്രദേശത്ത് സാമുഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.
മെഡിക്കൽ കോളേജ് പരിസരത്തെ മാലിന്യം നിയന്ത്രിക്കാൻ ഒരു സ്ഥിരം സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.