ചങ്ങനാശ്ശേരി : കുട്ടികളുടെ തീയറ്റർ -ഡേ കെയർ സെന്റർ കാടുകയറിയ നിലയിലായി.ഇതോടെ ഇവിടം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി. 3 വർഷം മുമ്പ് എൽ ഡി എഫിലെ കൃഷ്ണകുമാരി രാജശേഖരൻ ചെയർപേഴ്സൺ ആയിരിക്കുമ്പോഴാണ് കുട്ടികൾക്കായി ഡേ കെയർ സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. നഗരപരിധിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ ശിശുക്കളുടെ സംരക്ഷണത്തിനാണ് ഊന്നൽ നൽകിയത്.

ഇതിനായി പെരുന്നയിലുള്ള ആയൂർവേദ ആശുപത്രിക്കു സമീപത്തെ മുനിസിപ്പൽ വക സ്ഥലത്ത് കെട്ടിടം നിർമ്മിച്ചു.

പിന്നീട് കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യവികസനം വൈദ്യുതീകരണം എന്നിവയ്ക്കായി രൂപരേഖ തയ്യാറാക്കി തുക വകയിരുത്തിയെങ്കിലും ടൈൽസ് പാകുന്നത് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മാത്രം പൂർത്തിയാക്കി കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടത്തി. എന്നാൽ ഇപ്പോൾ കെട്ടിടത്തിന്റെ വൈദുതീകരണം മാത്രം ബാക്കി നിൽക്കുകയാണ്. ഇപ്പോൾ കെട്ടിടത്തിന് ചുറ്റും കാടുപിടിച്ച നിലയിലാണ്.