കോട്ടയം: ഇളം വെയിലുണ്ട്. തണുത്ത കാറ്റുണ്ട്.. പച്ചപിടിച്ച പാടങ്ങളുണ്ട്.. തണലേകാൽ മരങ്ങളുണ്ട്. പ്രകൃതിയുടെ സുഖകരമായ സൗന്ദര്യക്കാഴ്ചകളാണ് 'നാലുമണിക്കാറ്റ് " നിറയെ. പത്തു വർഷത്തിന്റെ ചെറുപ്പവുമായാണ് നാലുമണിക്കാറ്റ് സന്ദർശകരെ വരവേൽക്കുന്നത്. മനസിനെ കുളിർപ്പിക്കുന്ന പ്രകൃതിയും, രുചിയൂറുന്ന നാടൻ വിഭവങ്ങളും ചേരുന്നതോടെ നാലുമണിക്കാറ്റ് ഏതൊരു സഞ്ചാരിക്കും മനസിൽ നിറഞ്ഞു നിൽക്കുന്ന അനുഭവമാകും.

മണർകാട് - ഏറ്റുമാനൂർ ബൈപ്പാസിൽ മണർകാട് ജംഗ്ഷനിൽ നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ പാടശേഖരങ്ങൾക്കിടയിലെ പച്ചത്തുരുത്തായ നാലുമണിക്കാറ്റിൽ എത്തും. റബർമരങ്ങൾ തീർക്കുന്ന കവാടം കടന്നെത്തുന്നത് 250 മീറ്റർ മാത്രം നീളമുള്ള പ്രകൃതിരമണീയമായ അന്തരീക്ഷത്തിലേയ്ക്കാണ്. ഇരുവശവും പാടശേഖരങ്ങളും, തെങ്ങുകളും കണ്ണിനെ കുളിരണിയിക്കുന്നു. സിമന്റിൽ തീർത്ത ചുണ്ടൻ വള്ളങ്ങളും, ഇരിപ്പിടങ്ങളും അവയ്‌ക്ക് തണലായി നിൽക്കുന്ന ചെറിയ മരങ്ങളുമാണ് നാലുമണിക്കാറ്റിന്റെ ഭംഗി.

പത്തു വർഷം മുൻപാണ് മണർകാട് - ഏറ്റുമാനൂർ ബൈപ്പാസിൽ മണർകാട് പള്ളിക്കവലയ്‌ക്ക് സമീപത്തായി 'നാലുമണിക്കാറ്റ്" പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്തെ മാലിന്യത്തിൽ നിന്നു രക്ഷിക്കാൻ റസിഡന്റ്സ് അസോസിയേഷനും ബൈപ്പാസ് അസോസിയേഷനും ചേർന്നാണ് പദ്ധതിയ്‌ക്ക് തുടക്കമിട്ടത്. പത്ത് കുടുംബശ്രീ അംഗങ്ങളായ സ്‌ത്രീകളാണ് നാടൻ ഭക്ഷണശാല ആരംഭിച്ചത്. ഇതിൽ ഒൻപത് പേരും ഇന്നും സജീവമായുണ്ട്.

ഉഴുന്നുവട, പരിപ്പുവട, മുട്ട ബജി, കപ്പ, ചേമ്പ്, ചേന എന്നിവ അടക്കമുള്ള നാടൻ വിഭവങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ചായയും ജ്യൂസും ഇവിടെ ലഭിക്കും. ഞായറാഴ്‌ച ദിവസങ്ങളിൽ പായസവും ഒരുക്കുന്നുണ്ട്. വൈകിട്ട് നാലു മണി മുതൽ രാത്രി എട്ടു വരെയാണ് നാലുമണിക്കാറ്റിന്റെ പ്രവർ‌ത്തനം.

പദ്ധതി വിജയമായതോടെ മണർകാട് പഞ്ചായത്ത് അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹായവുമായെത്തി. പ്രളയകാലത്ത് രണ്ടാഴ്‌ചയോളം നാലുമണിക്കാറ്റ് വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. പ്രളയകാലത്തിനു ശേഷമാണ് വീണ്ടും പുനരുജ്‌ജീവിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഇവിടെ സിമന്റിൽ ചുണ്ടൻവള്ളവും നിർമ്മിച്ചിരുന്നു. എന്നാൽ, ഈ ചുണ്ടൻവള്ളത്തിന്റെ തുഴ സാമൂഹ്യവിരുദ്ധ‌ർ ഒടിച്ചു കളഞ്ഞു.

നാടൻ ഭക്ഷണം

കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ നാടൻ ഭക്ഷണമാണ് ഒരുക്കുന്നത്. എല്ലാവർക്കും താങ്ങാവുന്ന വിലയേ ഈടാക്കുന്നുള്ളൂ. നൂറുകണക്കിന് സന്ദർശകരാണ് വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്നത്.

രമണി, കുടുംബശ്രീ പ്രവർ‌ത്തക