വൈക്കം: മഹാദേവരുടെ എഴുന്നള്ളത്തുകൾക്ക് അകമ്പടിയാകാൻ കാലാക്കൽ ക്ഷേത്രത്തിലെ ഉടവാൾ എറ്റുവാങ്ങി. മഹാദേവ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പുറത്തിറങ്ങുമ്പോൾ കാലാക്കൽ വല്യച്ഛന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കണമെന്നാനാണ് ആചാരം. ഇന്നലെ രാവിലെ കാലാക്കൽ ക്ഷേത്രത്തിൽ മേൽശാന്തി ബാലചന്ദ്രൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ശ്രീപ്രസാദ്.ആർ.നായർ മേൽശാന്തിയിൽ നിന്നു ഉടവാൾ ഏറ്റുവാങ്ങി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ തെക്കേനട അമ്പലപ്പറമ്പുമഠം രാംകുമാർ ഉടവാൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രോപദേശക സമിതി ഭാരാവാഹികളായ വി.കെ വിജയകുമാർ, വി.എസ്.അജിത്കുമാർ, ലൈലാ ബാലകൃഷ്ണൻ, സുധാകരൻ കാലാക്കൽ, ബിജുകുമാർ, സുഷമ സുരേന്ദ്രൻ, ഗോവിന്ദൻ, ക്ഷേത്രോപദേശക അഡ്ഹോക്ക് സമിതി പ്രസിഡന്റ് സോമൻ കടവിൽ എന്നിവർ പങ്കെടുത്തു. വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന കാലാക്കൽ ക്ഷേത്രത്തിൽ നന്ദികേശനാണ് പ്രതിഷ്ഠ. വൈക്കം ക്ഷേത്ര നട അടച്ചു കഴിഞ്ഞാൽ പള്ളിയുണർത്തൽ വരെ ക്ഷേത്ര സംരക്ഷണ ചുമതല കാലാക്കൽ വല്യച്ഛനാണന്നാനാണ് വിശ്വാസം.
ഒരിക്കൽ വൈക്കത്തപ്പന്റെ ഭക്തനായ പാച്ചു മൂത്തത് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്ന സന്ദർഭത്തിൽ ശ്രീകോവിലിലെ സ്വർണ്ണ താഴിക കുടത്തിൽ ഇടതുകൈ പിടിച്ചുകൊണ്ട് ഒരു ഭീകരമൂർത്തി പ്രദക്ഷിണം ചെയ്യുന്നതായി കണ്ടുവെന്നും ഇത് കാലാക്കൽ കാവുടയോൻ ആയിരുന്നുവെന്നും ഐതീഹ്യമുണ്ട്.