കോട്ടയം: ഈരയിൽക്കടവ് പാടശേഖരത്തിൽ നെൽകൃഷിക്കും അനുബന്ധ പ്രവർത്ത നങ്ങൾക്കുമായി 80 ലക്ഷം രൂപ അനുവദിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ഈരയിൽക്കടവ് പാടശേഖരത്തിൽ വിത മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാലുകൾ, പമ്പ് ഹൗസ്, പറക്കുഴി, പുറംബണ്ട് എന്നിവ നിർമ്മിക്കുന്നതിനാണ് തുക അനുവദിക്കുക. മൂന്ന് ലക്ഷം ഹെക്ടറിൽ നെൽകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നെല്ലിന് ഏറ്റവുമികം വില നൽകുന്നത് കേരള സർക്കാരാണ്. മറ്റിടങ്ങളിൽ ഒരു കിലോ നെല്ലിന് 17.50 രൂപ നൽകുമ്പോൾ കേരളത്തിൽ 25. 50 രൂപയാണ് കർഷകർക്ക് നൽകുന്നത്. നവകേരള നിർമ്മാണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി നെൽകൃഷിയിൽ ഉറപ്പാക്കും. പരമ്പരാഗത നെൽവിത്ത് ഉപയോഗിച്ച് കൃഷിയിറക്കുന്നവർക്ക് പതിനായിരം രൂപ അധികമായി നൽകും. കൃഷിയിറക്കാതെ പാടങ്ങൾ തരിശ് ഇടുന്നവർക്ക് നോട്ടീസ് നൽകും. ഉടമകൾ കൃഷിയിറക്കാത്ത സാഹചര്യത്തിൽ കൃഷി ചെയ്യാൻ താല്പര്യമുളള കർഷകർക്ക് അനുവാദം നൽകും. ഈരയിൽക്കടവ് പാടശേഖരത്തിൽ നിന്നും ഹെക്ടറിന് ആറര ടൺ നെല്ലാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നവകേരള നിർമ്മാണം -പുനർജനി പദ്ധതിയുടെ ഭാഗമായ തൈ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. പാടശേഖര സമിതി കൺവീനർമാരായ അന്നമ്മ ഷാജി, കെ.പി ഗോപാലൻ എന്നിവർ തൈകൾ ഏറ്റുവാങ്ങി. പുന്നയ്ക്കൽ - ചുങ്കം പ്രദേശങ്ങൾ ഉൾപ്പെടുന്ന ഒന്നാം വാർഡിലെ അഞ്ച് പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്. പനച്ചിക്കാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകിയ ഉമ നെൽവിത്താണ് വിതച്ചത്. 10 ഏക്കറുള്ള കുരിവിക്കാട് മൂല പാടശേഖരം, 35 ഏക്കറിലെ ചെല്ലിച്ചിറ പാടശേഖരം, 35 ഏക്കറുള്ള അലമ്പാക്കേരി പാടശേഖരം, 50 ഏക്കറിലെ പുന്നയ്ക്കൽ വടക്കുപുറം പാടശേഖരം, 96 ഏക്കറുള്ള പുന്നയ്ക്കൽ പടിഞ്ഞാറു കര അരിക് പുറം എന്നീ പാടശേഖര സമിതികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഹരിതകേരളം മിഷനും ഇറിഗേഷൻ, കൃഷി, വൈദ്യുതി, റവന്യൂ വകുപ്പുകളുടെ സംയോജനത്തിലും സഹകരണത്തിലുമാണ് പാടശേഖര സമിതികളുടെ പ്രവർത്തനം.
വിതമഹോത്സ ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിലാർ-മീനന്തലയാർ -കൊടുരാർ പുന:സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി.കൃഷി ഡയറക്ടർ ഡോ.പി.കെ ജയശ്രീ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ. ആർ സുനിൽ കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ മാത്യു, കൃഷി അസി.എൻജിനിയർ മുഹമ്മദ് ഷെറീഫ് ,കൃഷി ഓഫീസർ റസ്സിയ എ.സലാം, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.