കുറവിലങ്ങാട്: മൂന്നാം നിലയിലെ സ്റ്റാഫ് റൂമിന്റെ അഴികളില്ലാത്ത ജനൽപ്പാളി തള്ളിത്തുറക്കുന്നതിനിടെ താഴേയ്ക്ക് വീണ് അദ്ധ്യാപകന് ദാരുണാന്ത്യം. കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ളീഷ് വിഭാഗം അസി.പ്രൊഫസർ ജോർജ് തോമസാണ് (45) മരിച്ചത്. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം.
മിക്കവാറും ദിവസം ആദ്യം കോളേജിലെത്തുന്നത് ജോർജാണ്. ഇന്നലെ രാവിലെ മൂന്നാം നിലയിലെ ഇംഗ്ലീഷ് വിഭാഗം സ്റ്റാഫ് റൂമിലെ ജനൽപാളി തള്ളിത്തുറക്കുന്നതിനിടെ മുന്നോട്ടാഞ്ഞ് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജനലിന് സമീപത്തെ ഭിത്തിക്ക് മുട്ടൊപ്പം മാത്രമാണ് ഉയരം. താഴെ വീണുകിടന്ന ജോർജിനെ ഓടിക്കൂടിയ വിദ്യാർത്ഥികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു. പോസ്‌റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം കോളേജിൽ പൊതുദർശനത്തിനു വച്ചു.സംസ്‌കാരം ഇന്ന് മൂന്നിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയിൽ നടത്തും. ഭാര്യ പ്ലാശനാൽ വരിക്കപ്ലാക്കേൽ സ്‌മിത. മക്കൾ : ദീപക് ജോർജ് തോമസ്, റോസ് മേരി തോമസ്, ക്രിസ് ആന്റണി തോമസ്.