തലയോലപ്പറമ്പ്: പുഴയിൽ ചൂണ്ടയിടാൻ പോയ തലയോലപ്പറമ്പ് വടയാർ കൊടുവത്തറ താഴ്ചയിൽ പരേതനായ കരുണാകരന്റെ മകൻ റെജി (46)നെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് 6.30 ഓടെ വടയാർ ഗവ.യു.പി സ്‌കൂളിന് സമീപം മൂവാറ്റുപുഴയാറിന്റെ തീരത്താണ് സംഭവം. ഉച്ചകഴിഞ്ഞ് വീട്ടിൽ നിന്നു ചൂണ്ടയിടാൻ പോയ യുവാവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് പുഴയോരത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശാരദ. സഹോദരങ്ങൾ: അജി, ലൗമോൾ.