കോട്ടയം:ഇനി കങ്ങഴയിലെ വനിതകളോട് കളിച്ചാൽ വിവരമറിയും.കാരണം കങ്ങഴയിലെ ആരോഗ്യവതികളായ സ്ത്രീകളെല്ലാം ഒരു പരിശീലനത്തിൽ പങ്കെടുക്കുകയാണ്. എന്ത് പരിശീലനമെന്നല്ലേ? സ്വയംപ്രതിരോധ പരിശീലന പരിപാടി.സ്‌ത്രീ സുരക്ഷയുടെ ഭാഗമായി കേരള പൊലീസ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വനിതാ സ്വയംപ്രതിരോധ പദ്ധതിയുടെ പരിശീലനമുറകളാണ് ഇവർ അഭ്യസിക്കുന്നത്. കോട്ടയം ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 7350 സ്‌ത്രീകൾ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. വനിതകൾ സമ്പൂർണ സ്വയംപ്രതിരോധ പരിശീലനം നേടിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്തെന്ന ബഹുമതി കങ്ങഴയ്ക്ക് സ്വന്തം.

ഒന്നര വർഷം നീണ്ടു നിന്ന പരിശീലനമാണ് കങ്ങഴ പഞ്ചായത്തിലെ 15 വാർഡുകളിലെയും സ്‌ത്രീകൾക്ക് നൽകിയത്.

ഏത് വെല്ലുവിളിയും നേരിടാനുള്ള 40 പ്രതിരോധ മാർഗങ്ങളാണ് ഇവരെ അഭ്യസിപ്പിക്കുന്നത്. ആറംഗ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. 20,60 മണിക്കൂർ ദൈർഘ്യമുള്ള രണ്ട് കോഴ്‌സുകളിലാണ് വനിതകളെ പങ്കെടുപ്പിക്കുന്നത്.പ്രത്യേക പാഠ്യപദ്ധതിയിലൂടെയാണ് പരിശീലനം നൽകുന്നത്. കുടുംബശ്രീ യൂണിറ്റുകൾ, സാമുദായിക സംഘ‌ടനകൾ, സ്‌കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പരിശീലനം അങ്ങനെ

കായിക പരിശീലനം

വനിതകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

 വനിതകൾക്ക് ലഭിക്കുന്ന പൊലീസ് സേവനങ്ങൾ

മാനസിക വ്യക്തിത്വ ക്ലാസുകൾ

സൗജന്യ പരിശീലനം

ലിഫ്‌റ്റിനുള്ളിലും, എ.ടി.എം കൗണ്ടറിലും ആക്രമണം ഉണ്ടായാൽ എങ്ങനെ നേരിടും

 ആസിഡ് ആക്രമണത്തെ എങ്ങനെ ചെറുക്കാൻ കഴിയും

ബാഗ് തട്ടിപ്പറിക്കൽ, ലൈംഗീകാതിക്രമങ്ങൾ ഇവ നേരിടുന്ന വിധം

ഭുരിഭാഗം സ്‌ത്രീകളും പരിശീലനം പൂർത്തിയാക്കിയതിനാൽ ഡിസംബറിൽ സമ്പൂർണ സ്വയം പ്രതിരോധ പരിശീലനം നേടിയ ഗ്രാമമായി കങ്ങഴ പഞ്ചായത്തിനെ പ്രഖ്യാപിക്കാനാണ് തീരുമാനം. ''

എൻ .ഫിലോമിന (വനിതാസെൽ സി.ഐ )

പരിശീലനത്തിൽ പങ്കെടുക്കാൻ

1. അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പി ഓഫീസ് കോട്ടയം - 04812564770
2. ബി.പ്രദീപ്, കങ്ങഴ പഞ്ചായത്ത് പ്രസിഡൻ് - 9447259041
3. എൻ.ഫിലോമിന, ഇൻസ്‌പെക്ടർ വനിതാ സെൽ കോട്ടയം - 9497987085
4. ക്ഷേമ എൻ.പി ജില്ലാ കോർഡിനേറ്റർ - 9497910538
5. ജൂബിന ബീവി അസിസ്റ്റൻഡ് കോ-ഒാർഡിനേറ്റർ - 9497910689