parking

കോട്ടയം: സംസ്ഥാനത്താദ്യമായി ഇരുചക്രവാഹനങ്ങൾക്ക് ആധുനിക മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കും. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. മാർച്ചിനുള്ളിൽ നടപ്പാക്കാനാണ് തീരുമാനം. പാർക്കിംഗ് ഏരിയയിലെ സ്ഥലപരിമിതിയും സുരക്ഷിതത്വമില്ലായ്മയും മൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. ഇരുചക്രവാഹനങ്ങൾക്ക് മുകളിൽ മരച്ചില്ല ഒടിഞ്ഞുവീഴുന്നതും പതിവാണ്. പുതിയ സംവിധാനം വരുന്നതോടെ കൂടുതൽ വാഹനങ്ങൾ കുറഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്യാൻ കഴിയും.

1.65 കോടി രൂപയ്ക്ക് റെയിൽവേ നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ദിവസവും 250 ഓളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. പുതിയ സംവിധാനം നടപ്പാകുമ്പോൾ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. റോഡിൽ നിന്നും താഴത്തെ നിലയിൽ നിന്നും വാഹനങ്ങൾ മുകൾ നിലകളിലേയ്ക്ക് കയറ്റാവുന്ന രീതിയിലാണ് നിർമാണം. സ്റ്റീൽ നട്ടും ബോൾട്ടും ഉപയോഗിച്ചുള്ള നിർമ്മാണ രീതിയായതിനാൽ സ്ഥലസൗകര്യം അനുസരിച്ച് വിപുലപ്പെടുത്താനും മാറ്റിസ്ഥാപിക്കാനും കഴിയും.



ദീർഘവീക്ഷണം


പദ്ധതി സംബന്ധിച്ച് റെയിൽവേയുടെ ഡിവിഷണൽ എൻജിനിയറുമായി ചർച്ച നടത്തി. ഏത് സ്ഥലത്തേയ്ക്കും മാറ്റിസ്ഥാപിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മാർച്ചിനകം പ്രവർത്തന സജ്ജമാകും.

ജോസ് കെ.മാണി എം.പി