ചങ്ങനാശേരി :നഗരസഭയിൽ ഫയലുകൾ അപ്രത്യക്ഷമാകുന്നതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ബഹളം. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് കൃത്യവിലോപം കാണിക്കുന്ന നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷാംഗങ്ങൾ ബഹളം വച്ചത്.തുടർന്ന് മണിക്കൂറുകളോളം യോഗം സ്തംഭിച്ചു. കഴിഞ്ഞ ദിവസം റവന്യൂ എൻജിനിയറിംഗ് വിഭാഗത്തിൽ നടന്ന വിജിലൻസ് പരിശോധനയിൽ ഓഫീസിലെ ഫയലുകൾ കാണാതെ വരുകയും പിന്നീട് ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് അവ കണ്ടെത്തിയെന്നും നഗരസഭയുടെ മുൻ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ ആരോപിച്ചു.കൂടാതെ ഫയൽ നീക്കം നടക്കുന്നില്ലെന്നും ജനങ്ങൾക്ക് ഓരോ ആവശ്യങ്ങൾക്കായി ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ് നേരിടുന്നതെന്നും മണമേൽ പറഞ്ഞു.കൃത്യമായി ജീവനക്കാർ ഹാജരാകാത്തതാണ് ഫയൽ നീക്കത്തെ ബാധിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാ നടപടികൾ ഏറെ നേരത്തേയ്ക്ക് നിറുത്തി വയ്ക്കേണ്ട അവസ്ഥയുണ്ടായി.