വൈക്കം: അഷ്ടമി ഉത്സവത്തിന്റെ ഒമ്പതാം ദിനം തേരോഴി രാമകുറുപ്പിന്റെ പ്രമാണത്തിൽ നടത്തിയ പഞ്ചാരിമേളം ആസ്വദിക്കാൻ എത്തിയത് ആയിരങ്ങൾ. പെരുവനം സതീശൻ മാരാർ, പഴുവിൽ രഘു മാരാർ, പെരുവനം ശങ്കരനാരായണ മാരാർ, തിരുമറയൂർ രജേഷ്, കൊടകര സജി, കുഴൂർ ബാലൻ, ഏഷ്യാഡ് ശശി, പെരുവനംമുരളി, കുമത്ത് രാമൻകുട്ടി, തൃക്കൂർ അനിലൻ, കീഴൂട്ട് നന്ദനൻ, വളപ്പായ അനിൽ തുടങ്ങിയ നൂറിലധികം കലാകാരന്മാർ പങ്കെടുത്തു.
ഗജരാജൻ പാമ്പാടി രാജൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി.13 ഗജവീരൻമാർ അകമ്പടിയായി. എഴുന്നള്ളത്തിനോടനുബന്ധിച്ച് നടന്ന കുടമാറ്റവും ശ്രദ്ധേയമായി. തെക്കേനട ആന സ്‌നേഹി സംഘമാണ് കുടമാറ്റം സംഘടിപ്പിച്ചത്. തൃശൂർ പൂരത്തിന് പാറമേക്കാവ് ഉപയോഗിക്കുന്ന ആന ചമയങ്ങളാണ് എഴുന്നള്ളത്തിന് ഉപയോഗിച്ചത്.