കാഞ്ഞിരപ്പള്ളിയിൽ ഗതാഗത പരിഷ്കരണം വൈകുന്നു

കാഞ്ഞിരപ്പള്ളി:ആരും പെട്ടുപോകും. കാഞ്ഞിരപ്പള്ളിയിലെ കുരുക്ക് അത്രയ്ക്ക് വലയ്ക്കും. ദുരിതത്തിന് എന്ന് പരിഹാരമെന്ന് ചോദിച്ചാൽ ആർക്കും മറുപടിയില്ല. ശബരിമല തീർത്ഥാടനം കൂടി ആരംഭിച്ചതോടെ പട്ടണത്തിൽ തിരക്ക് ഇരട്ടിയും. കൊല്ലം തേനി ദേശീയപാത കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡ് എന്നിവിടങ്ങളിലൂടെയെത്തുന്ന അയ്യപ്പഭക്തരാണ് നഗരത്തിലൂടെ കടന്നുപോകുന്നവരിൽ ഏറെയും. ഗതാഗത പരിഷ്കരണത്തിനായി ബന്ധപ്പെട്ടവരുടെ യോഗം കഴിഞ്ഞമാസം ചേർന്നിരുന്നു. എന്നാൽ യോഗ തീരുമാനങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ല. റെഡ് സിഗ്നൽ പേട്ടക്കവലയിൽ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം എർപ്പെടുത്തിയെങ്കിലും ഗുണത്തേക്കാളേറെ ദോഷമായി മാറി. സിഗ്നൽലൈറ്റും ബസ് സ്‌റ്റോപ്പുകളും തമ്മിൽ നിശ്ചിത അകലം ഇല്ലാത്തതാണ് കാരണം. സിഗ്നൽസംവിധാനത്തിന്റെ പ്രവർത്തനം ഗതാഗതപരിഷ്‌കരണസമിതി നിറുത്തിവെച്ചു. പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കാം എന്നാണ് തീരുമാനം. ഗതാഗതപരിഷ്‌കരണസമിതിയുടെ തീരുമാനങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. നിർദേശം ഇങ്ങനെ ബസ് സ്റ്റോപ്പുകൾ പുന:ക്രമീകരിക്കുക,അനധികൃത പാർക്കിംഗ് നിരോധിക്കുക,തിരക്കുള്ള സമയങ്ങളിൽ ചരക്കുവാഹനങ്ങളുടെ കയറ്റിറക്ക് നിരോധിക്കുക,നടപ്പാതകളിലേയും വാഹനങ്ങളിലേയും കച്ചവടം നിരോധിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന നിർദ്ദേശങ്ങൾ.