ചങ്ങനാശ്ശേരി :തുരുത്തി ഗവ. എൽ.പി.സ്‌കൂളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. ഇത് സ്കൂളിനെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആക്ഷേപം.കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ സ്‌കൂളിന്റെ വരാന്തയിലും മുറ്റത്തും മലമൂത്രവിസർജനം നടത്തിയതിനാൽ രാവിലെ സ്‌കൂളിലെത്തിയ ടീച്ചർമാർക്കും കുട്ടികൾക്കും ക്ലാസിൽ കയറാനായില്ല.തുടർന്ന് സ്‌കൂൾ അധികൃതർ ചങ്ങനാശ്ശേരി പൊലീസിൽ പരാതിപ്പെട്ടു. പൊലീസെത്തി സ്‌കൂൾ പരിസരത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചു.മന്നത്തുപത്മനാഭൻ പ്രധാന അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സ്‌കൂളിനാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ സ്കൂളിൽ ചുറ്റുമതിൽ വേണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സന്ധ്യയ്ക്ക് സ്‌കൂൾ കോമ്പൗണ്ടിൽ ചിലർ കളിക്കാനെത്തുന്നത് പതിവാണ്. കളിക്കുന്നതിനായി ഇവർ കെട്ടിയ കയറിൽ കാൽ കുരുങ്ങി കുട്ടികൾ മറിഞ്ഞുവീണ് പരിക്കേറ്റിരുന്നു.തുടർന്ന് അനധികൃതമായി കോമ്പൗണ്ടിൽ കയറരുതെന്ന് ഇവരെ താക്കീത് ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഇവരുടെ കളിമൂലം സ്‌കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പൊട്ടുന്നത് പതിവാണ്. മഴക്കാലത്ത് ക്ലാസ് മുറികൾ ചോർന്നൊലിക്കുന്നതിനാൽ ക്ലാസെടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ധ്യാപകർ പറയുന്നു.
സ്‌കൂളിന്റെ ശോചനീയവസ്ഥയെക്കുറിച്ച് മുൻപ് വാർത്തകൾ വരികയും മുഖ്യമന്ത്രിയുടെ ഐ.ടി സെല്ലിന്റെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് രക്ഷകർത്താക്കൾ പറയുന്നു. സ്‌കൂൾ ചുറ്റുമതിൽ കെട്ടി തിരിക്കാത്തതുമൂലം രാത്രിയിൽ മദ്യപാനവും അനാശാസ്യവും പതിവാണത്രേ.