കോട്ടയം: സംസ്ഥാനം കടുത്ത സാമ്പത്തിക ബാദ്ധ്യത നേരിടുമ്പോഴും സാമ്പത്തിക വർഷം അവസാനിക്കാൻ നാല് മാസങ്ങൾ ശേഷിക്കേ പഞ്ചായത്തുകളുടെ കെട്ടിട നികുതി പിരിവ് പകുതിപോലുമായിട്ടില്ല. ഒറ്റ പഞ്ചായത്തും പകുതി പോലും നികുതി പിരിച്ചിട്ടില്ല.
പ്രളയത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ ഉഴപ്പിയതാണ് പഞ്ചായത്തുകളുടെ നികുതിപിരിവ് അടപടലേ പാളാൻ കാരണം.
941 പഞ്ചായത്തുകളിൽ നിന്നായി 535.43 കോടി രൂപ ലഭിക്കേണ്ടപ്പോൾ ഇതുവരെ പിരിച്ചത് വെറും 205.32 കോടിയാണ്. മാർച്ചിനുള്ളിൽ 330.40 കോടികൂടി പിരിച്ചെടുക്കണം! മന്ത്രിതലത്തിലുണ്ടായ നിരന്തര ഇടപെടൽ മൂലം കഴിഞ്ഞ സാമ്പത്തിക വർഷം നികുതിപിരിവിൽ റെക്കാഡ് നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നികുതി വരുമാനം കൂടുതലാണെങ്കിലും കഴിഞ്ഞവർഷത്തെ മികവ് മൂലം കുടിശിക കുറഞ്ഞു. പ്രളയം ബാധിക്കാത്ത ജില്ലകളിൽപ്പോലും നികുതിപിരിവ് മന്ദഗതിയിലാണ്. പ്രളയം ഒട്ടും ബാധിക്കാത്ത കാസർകോട് ജില്ലയിൽ 73 ശതമാനം തുകയും പിരിക്കണം.
നികുതിയിങ്ങനെ
കെട്ടിടം, തൊഴിൽ എന്നീ ഇനങ്ങളിലാണ് പഞ്ചായത്തുകളുടെ നികുതി. വിവിധതരം ഫീസായി നികുതിയേതര വരുമാനവുമുണ്ട്.
ജി.എസ്.ടി നടപ്പായതോടെ വിനോദ നികുതി ഒഴിവായിരുന്നു.
ഇനി പിരിക്കാനുള്ള തുക കോടിയിൽ
(ബ്രാക്കറ്റിൽ ആകെ നികുതി)
തിരുവനന്തപുരം:
31.09 കോടി (45.78 കോടി)
കൊല്ലം: 28.51 (41.65)
പത്തനംതിട്ട:18.75 (28.08)
ആലപ്പുഴ: 25.16 (35.58)
കോട്ടയം: 29.03 (47.93)
ഇടുക്കി: 22.02 (30.61)
എറണാകുളം: 39.17 (63.42)
തൃശൂർ: 30.57 (52.42)
പാലക്കാട് 23.24 (41.79)
മലപ്പുറം: 25.61(48.37)
കോഴിക്കോട്: 17.99 (34.79)
വയനാട് : 8.57 (12.40)
കണ്ണൂർ:14.45(28.52)
കാസർകോട്: 16.24(24.09)