വൈക്കം: അഷ്ടമി ദിവസമായ നാളെ ദേവസ്വം ബോർഡ് ഭക്തജനങ്ങൾക്കായി 15 l പറ അരിയുടെ പ്രാതലൊരുക്കും. അഷ്ടമിയുടെ എഴാം ഉത്സവം മുതൽ അഷ്ടമിനാൾ വരെ ദേവസ്വം ബോർഡിന്റെ പ്രാതലാണ്. അഷ്ടമി പ്രാതലിനുള്ള അരിയളക്കൽ ഇന്ന് ക്ഷേത്ര കലവറയിൽ നടക്കും നാലമ്പലത്തിന്റെ വടക്കുഭാഗത്തുള്ള ഊട്ടുപുരയുടെ ഇരുനിലകളിലും പ്രാതൽ വിതരണം ചെയ്യും. വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതൽ വിതരണം ചെയ്യുന്നതിന് മുന്നൂറോളം സന്നദ്ധ സേവകരുടെ സേവനവും ഉണ്ടാവും. അഷ്ടമി ദിനത്തിൽ രാവിലെ 10ന് പ്രാതൽ ആരംഭിക്കും. ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായി പ്രാതൽ കഴിക്കുന്നതിനും വേണ്ട ക്രമികരണങ്ങളും ഒരുക്കിയിട്ടുണ്ട്. രാജഭരണകാലത്തും വൈക്കം ക്ഷേത്രത്തിൽ നിത്യേന പ്രാതൽ നടത്തിയിരുന്നു. അഷ്ടമി നാളിൽ 551 പറ വരെ വച്ച സമയവും ഉണ്ടായിരുന്നു. വൈക്കത്താരും അത്താഴ പട്ടിണിക്കാരായി ഉണ്ടാവരുതെന്ന നിർബന്ധവും ഭഗവാനുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. 'അത്താഴ പഷ്ണിക്കാരുണ്ടോ' എന്ന് വിളിച്ചു ചോദിച്ച ശേഷമേ നട അടയ്ക്കാവു എന്ന ആചരവും ഉണ്ടായിരുന്നു. അത്താഴപൂജ കഴിഞ്ഞു കോൽ വിളക്കുമായി കിഴക്കേ ഗോപുര നടയിൽ എത്തി അത്താഴ പഷ്ണിക്കാരുണ്ടോ എന്നു വിളിച്ചു ചോദിച്ചതിന് ശേഷമേ ഇപ്പോൾ ഗോപുരനട അടയ്ക്കാറുള്ളു. അഷ്ടമി നാളിൽ ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും മൃഷ്ടാന്ന ഭോജനം നല്കുന്ന വൈക്കത്തപ്പന്റെ ഉച്ചപൂജ അഷ്ടമിവിളക്കിന് ശേഷമാണ്.