വൈക്കം: മഹാദേവ ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള ക്ഷേത്രമാണ് ക്ഷേത്രത്തിന് വടക്ക് കിഴക്ക് ഭാഗത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം. വൈക്കം ക്ഷേത്രത്തിന് വടക്കുകിഴക്ക് ഭാഗത്ത് പണ്ട് കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു. കാലപഴക്കം കൊണ്ടും ആരും വേണ്ടത്ര ശ്രദ്ധ കാണിക്കാതിരുന്നതും മൂലം ക്ഷേത്രം ജീർണ്ണിച്ച് ഇല്ലാതാകുകയായിരുന്നുവെന്ന് വൈക്കം ക്ഷേത്രത്തിൽ നടത്തിയ ദേവഹിതത്തിൽ കാണുവാനിടയായി. ഇത് വൈക്കം ക്ഷേത്രത്തിന് ദോഷകരമായി ബാധിച്ചതിനാൽ പുതുതായി നിർമ്മിച്ചതാണ് ഇന്ന് കാണുന്ന ശ്രീകൃഷ്ണ ക്ഷേത്രം. മിക്ക ശിവക്ഷേത്രങ്ങളുടെയും സമീപത്തു തന്നെ ശ്രീകൃഷ്ണ പ്രതിഷ്ഠയും കാണാം. വൈക്കം ക്ഷേത്രത്തിലെ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി കുടുബത്തിനും കിഴക്കിനേടത്ത് മേക്കാട് കുടുംബത്തിനും തന്ത്രാവകാശമുള്ള ക്ഷേത്രത്തൽ നവഗ്രഹ പ്രതിഷ്ഠയും ഗണപതി പ്രതിഷ്ഠയുമുണ്ട്. മുഴുകാപ്പ്, പാൽപായസം, വെണ്ണ, തൊട്ടിൽ സമർപ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ. വൈക്കം ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർ കൃഷ്ണ ക്ഷേത്ര ദർശനം നടത്തിയേ മടങ്ങാറുള്ളൂ.